സ്‌കൂള്‍ അധ്യാപികയുടെ മൃതദേഹം കടപ്പുറത്തു കണ്ടെത്തിയ സംഭവത്തില്‍ സഹഅധ്യാപകനും സഹായിയും റിമാന്‍ഡില്‍
കാസര്‍കോട് :മഞ്ചേശ്വരം മീയ്യപദവ് വിദ്യാവര്‍ധക സ്‌കൂള്‍ അധ്യാപിക ബി.കെ.രൂപശ്രീയുടെ (42) മൃതദേഹം കുമ്പള കോയിപ്പാടി കടപ്പുറത്തു കണ്ടെത്തിയ സംഭവത്തില്‍ സഹഅധ്യാപകനും സഹായിയും റിമാന്‍ഡില്‍. സൗഹൃദത്തിലും സാമ്പത്തിക ഇടപാടിലുമുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് അധ്യാപികയെ വീട്ടിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മീയ്യപദവ് സ്‌കൂളിലെ ചിത്രകലാധ്യാപകന്‍ കെ.വെങ്കിട്ടരമണ കാരന്തര്‍ (42), അയല്‍വാസി നിരഞ്ജന്‍ കുമാര്‍(23) എന്നിവരാണ് അറസ്റ്റിലായത്.രൂപശ്രീയുടെ മൃതദേഹം ഒളിപ്പിച്ച കാറില്‍ പ്രതി ഭാര്യയുമായി സഞ്ചരിക്കുകയും ചെയ്തു. രണ്ടു സ്ഥലങ്ങളില്‍ മൃതദേഹം തള്ളാന്‍ ശ്രമിച്ച് പരാജയപ്പെട്ടശേഷമാണ് കടലില്‍ ഉപേക്ഷിച്ചത്.
18നു രാവിലെയാണ് അഴുകിയ നിലയില്‍ മൃതദേഹം കടപ്പുറത്തുകണ്ടെത്തിയത്. അതിനു രണ്ടു ദിവസം മുന്‍പു രൂപശ്രീയെ കാണാതായിരുന്നു. തന്നെ സഹപ്രവര്‍ത്തകന്‍ ശല്യപ്പെടുത്തുന്നതായി രൂപശ്രീ പറഞ്ഞുവെന്ന ബന്ധുക്കളുടെ മൊഴിയാണ് അന്വേഷണത്തിനു സഹായകമായത്.തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാനെന്ന പേരില്‍ 16നു രൂപശ്രീയെ വെങ്കിട്ടരമണ വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ദുര്‍ഗിപള്ളത്ത് സ്‌കൂട്ടര്‍ നിര്‍ത്തി കാറിലാണു രൂപശ്രീ വെങ്കിട്ടരമണയുടെ വീട്ടിലെത്തിയത്. രൂപശ്രീയെ ജാമ്യക്കാരിയാക്കി വെങ്കിട്ടരമണ എടുത്ത ലോണിനെചൊല്ലിയുള്ള തര്‍ക്കമാണ് പ്രധാനമായും കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറയുന്നു.
സംസാരത്തിനിടെ വാക്കേറ്റവും കയ്യേറ്റവുമുണ്ടായി. അടുക്കളവാതിലിലൂടെ ഇറങ്ങിയോടാന്‍ ശ്രമിച്ച രൂപശ്രീയെ വെങ്കിട്ടരമണയും, പൂജാമുറിയില്‍ ഒളിച്ചിരുന്ന നിരഞ്ജന്‍ കുമാറും ചേര്‍ന്നു തടഞ്ഞു. കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ തലമുക്കിപ്പിടിച്ചു കൊലപ്പെടുത്തി. മൃതദേഹം ചാക്കില്‍ കെട്ടി കാറിന്റെ ഡിക്കിയില്‍ കയറ്റി മംഗളൂരുവിലും പരിസരത്തും നേത്രാവതി പാലത്തിലും തള്ളാന്‍ ശ്രമിച്ചെങ്കിലും അവിടെ വെളിച്ചമുള്ളതിനാല്‍ നടന്നില്ല. രാത്രി വൈകി മഞ്ചേശ്വരം കണ്വതീര്‍ഥ കടപ്പുറത്തെത്തി കടലില്‍തള്ളുകയായിരുന്നു.
തല മുക്കിയ വെള്ളത്തില്‍ രാസവസ്തു കലര്‍ത്തിയിരുന്നതു കൊണ്ടാണു മൃതദേഹത്തില്‍ നിന്നു തലമുടി എളുപ്പം അറ്റു പോയതെന്നു കരുതുന്നു. പ്രതിയുടെ കാറില്‍ നിന്നു രൂപശ്രീയുടെ തലമുടി കണ്ടെത്തിയിരുന്നു. ഡിക്കിയിലെ ടയറിന്റെ പാടുകള്‍ ദേഹത്തുണ്ടായിരുന്നതായും ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.
Your comment?