നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളി വിനോദസഞ്ചാരികളെ മരിച്ചനിലയില്‍ കണ്ടെത്തി

കാഠ്മണ്ഡു: നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളി വിനോദസഞ്ചാരികളെ മരിച്ചനിലയില്‍ കണ്ടെത്തി. ദമനിലെ റിസോര്‍ട്ട് മുറിയില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
തണുപ്പകറ്റാന്‍ ഇവര്‍ മുറിയിലെ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാകാം മരിച്ചത് എന്നാണ് കരുതപ്പെടുന്നത്.
പ്രബിന്‍ കുമാര്‍ നായര്‍ (39), ശരണ്യ (34) രഞ്ജിത് കുമാര്‍ ടി.ബി (39) ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായര്‍(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്.
ഇവര്‍ തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണെന്നാണ് വിവരം. കാഠ്മണ്ഡുവിലെ എച്ച്. എ.എം.എസ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് 15 അംഗ സംഘം റിസോര്‍ട്ടില്‍ എത്തിയത്. ആകെ നാല് മുറികളായിരുന്നു ഇവര്‍ ബുക്ക് ചെയ്തിരുന്നത്. എട്ടുപേര്‍ ഒരു മുറിയില്‍ താമസിച്ചു. ബാക്കിയുള്ളവര്‍ മറ്റു മുറികളിലുമായിരുന്നു. ഇതിനിടെ രാത്രി ഗ്യാസ് ഹീറ്റര്‍ പ്രവര്‍ത്തിച്ചപ്പോള്‍ വാതകം മുറിയില്‍ വ്യാപിച്ചതാകാം മരണകാരണമെന്നാണ് സംശയം. മുറിയിലെ ജനലുകളും വാതിലുകളുമെല്ലാം അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നുവെന്നാണ് മാനേജറുടെ മൊഴി.
Your comment?