
ശ്രീനഗര്‍: കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മുതിര്‍ന്ന ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ വസിം അഹമ്മദ് വാനിയും ആയുധങ്ങളുമായി ഒളിച്ചോടി ഭീകരസംഘത്തില്‍ ചേര്‍ന്ന പൊലീസുകാരന്‍ ആദില്‍ അഹമ്മദും ഉള്‍പ്പെടെ 3 പേര്‍ കൊല്ലപ്പെട്ടു.
തിങ്കളാഴ്ച പുലര്‍ച്ചെ ആരംഭിച്ച മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിലാണ് സൈന്യം 3 പേരെയും വധിച്ചത്. എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു.
വസിം അഹമ്മദ് വാനി 4 പൊലീസുകാരെയും 4 നാട്ടുകാരെയും കൊലപ്പെടുത്തിയ കൊടുംഭീകരനാണ്. ഇതുള്‍പ്പെടെ 19 കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. വാചിയിലെ പിഡിപി മുന്‍ എംഎല്‍എ ഐജാസ് അഹമ്മദിന്റെ ശ്രീനഗറിലെ വീട്ടില്‍ നിന്ന് 7 എകെ 47 തോക്കുകളും പിസ്റ്റളും തട്ടിയെടുത്തു മുങ്ങിയ ആദിലിനെ 2018 മുതല്‍ തിരയുകയായിരുന്നു. വധിക്കപ്പെട്ട മൂന്നാമന്‍ ജഹാംഗിര്‍ ഒന്നിലേറെ കൊലപാതകങ്ങളില്‍ പങ്കാളിയാണ്.
ഡിവൈഎസ്പി ദേവീന്ദര്‍ സിങ്ങിനോടൊപ്പം അറസ്റ്റിലായ ഭീകരരില്‍ നിന്നാണ് വസിം അഹമ്മദ് ഉള്‍പ്പെടെയുള്ള സംഘത്തിന്റെ നീക്കങ്ങളെക്കുറിച്ച് വിവരം ലഭിച്ചതെന്ന് കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു.
മറ്റൊരു ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദില്‍ പെട്ട 5 ഭീകരരെ അറസ്റ്റ് ചെയ്തതായും ഡിജിപി അറിയിച്ചു. ഇവരില്‍ നിന്ന് ചാവേറുകള്‍ അണിയുന്ന സ്‌ഫോടകവസ്തു ഘടിപ്പിച്ച മേല്‍ക്കുപ്പായവും മറ്റ് ആയുധങ്ങളും പിടികൂടി.
പുല്‍വാമ ജില്ലയില്‍ കഴിഞ്ഞ 12 ന് ഏറ്റുമുട്ടലില്‍ 3 ഹിസ്ബുല്‍ ഭീകരരെ കൊലപ്പെടുത്തിയിരുന്നു.
Your comment?