
ന്യൂഡല്‍ഹി: വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ (59) ബിജെപി അധ്യക്ഷ പദവിയിലേക്ക്. തിരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ ഇന്നു നടക്കാനിരിക്കെ, നഡ്ഡ മാത്രമാണു മത്സര രംഗത്തുള്ളത്.
രാവിലെ 10 മുതല്‍ 12.30 വരെയാണു നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം. 12.30 മുതല്‍ 1.30 വരെ സൂക്ഷ്മപരിശോധന. പത്രിക പിന്‍വലിക്കാനുള്ള സമയം 1.30 മുതല്‍ 2.30 വരെ. മറ്റാരും പത്രിക നല്‍കിയില്ലെങ്കില്‍, ഇതിനുശേഷം നഡ്ഡയെ തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനമുണ്ടാകും. ഉച്ചകഴിഞ്ഞു മൂന്നോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ദേശീയ നേതൃയോഗത്തില്‍ നഡ്ഡ ഭാവി പദ്ധതികള്‍ വിശദീകരിക്കും.
ബിജെപി ദേശീയ അധ്യക്ഷന്മാരെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയാണു പതിവ്. തിരഞ്ഞെടുപ്പു വേണ്ടിവന്നാല്‍ അതു നാളെ പത്തിനും രണ്ടിനുമിടയ്ക്കായിരിക്കുമെന്നു സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള രാധാമോഹന്‍ സിങ് അറിയിച്ചു. 21 സംസ്ഥാനങ്ങളില്‍ പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്ന നടപടികളും പൂര്‍ത്തിയായി.
Your comment?