തീര്‍ഥാടക സംഘം സഞ്ചരിച്ച വാനും ഓട്ടോയും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു

കോന്നി: ശബരിമല ദര്‍ശനം കഴിഞ്ഞ് ചെന്നൈ ശെങ്കല്‍പേട്ടയിലേക്കു മടങ്ങിയ തീര്‍ഥാടക സംഘം സഞ്ചരിച്ച വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. പത്തനാപുരം പട്ടാഴി വടക്കേക്കര രാജ് ഭവനില്‍ മഹേഷ് (32) ആണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന ഭാര്യ ശിവപാര്‍വതിക്കു (21) പരുക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി മാരൂര്‍പാലത്തിനു സമീപം ടിവിഎം ആശുപത്രിക്കു മുന്‍പിലാണ് അപകടമുണ്ടായത്.
ശബരിമലയില്‍ നിന്നു പുനലൂര്‍ ഭാഗത്തേക്കു പോയ തീര്‍ഥാടക വാഹനം കോന്നിയിലേക്കു വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. പൂര്‍ണമായും തകര്‍ന്ന ഓട്ടോറിക്ഷ പൊലീസും നാട്ടുകാരും ചേര്‍ന്നു വെട്ടിപ്പൊളിച്ചാണു മഹേഷിനെ പുറത്തെടുത്തത്. സംഭവ സ്ഥലത്തു തന്നെ മരിച്ചു. തലയ്ക്കു പരുക്കേറ്റ ശിവപാര്‍വതിയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. മഹേഷിന്റെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
തീര്‍ഥാടക വാഹനത്തിന്റെ ഡ്രൈവര്‍ കാഞ്ചിപുരം സ്വദേശി ഭാസ്‌കറിനെ (44) പൊലീസ് കസ്റ്റഡിയിലെടുത്തു. മഹേഷ് ഞായറാഴ്ച രാവിലെ ഭാര്യയുമായി പട്ടാഴിയില്‍നിന്ന് വകയാര്‍ കൈതക്കര ഓംകാരം വീട്ടില്‍ വന്നശേഷം ഇരുവരുമൊരുമിച്ചു കോന്നിയിലേക്കു പോകുമ്പോഴായിരുന്നു അപകടം. ഭാര്യാപിതാവിന്റെ ഓട്ടോറിക്ഷയുമായാണു കോന്നിയിലേക്കു പോയതെന്നും ശിവപാര്‍വതിക്കു ഡ്രൈവിങ് ലൈസന്‍സിനായി ഫോട്ടോ എടുക്കുകയായിരുന്നു ലക്ഷ്യമെന്നും ബന്ധുക്കള്‍ പറഞ്ഞു. ഒന്നര മാസം പ്രായമായ പെണ്‍കുഞ്ഞിനെ വീട്ടില്‍ ഏല്‍പ്പിച്ച ശേഷമായിരുന്നു ഇവരുടെ യാത്ര.
Your comment?