ഫാസ്ടാഗ് നിര്‍ബന്ധമാക്കാനുള്ള സമയപരിധി ജനുവരി 15 വരെ നീട്ടി

തൃശ്ശൂര്‍: രാജ്യത്തെ ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കാനുള്ള സമയപരിധി ജനുവരി 15 വരെ നീട്ടി. ചില സാങ്കേതിക കാരണങ്ങളാല്‍ യാത്രക്കാര്‍ക്കുണ്ടാവുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് ദേശീയ പാത അതോറിറ്റിയുടെ തീരുമാനം.
നിലവില്‍ 75 ശതമാനം വാഹനങ്ങള്‍ ഇനിയും ഫാസ്ടാഗിലേക്ക് മാറാനുണ്ട്. അതുകൊണ്ടുതന്നെ ഈ സംവിധാനം നടപ്പാക്കിയാല്‍ വന്‍ ഗതാഗതക്കുരുക്കിന് വഴിവെക്കുമെന്ന വിലയിരുത്തലിലാണ് സമയപരിധി നീട്ടി നല്‍കിയത്.
ഡിസംബര്‍ ഒന്ന് മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. പിന്നീടത് ഡിസംബര്‍ 15ലേക്ക് മാറ്റി. ഈ സമയപരിധിയാണ് വീണ്ടും ഒരു മാസത്തേക്ക് കൂടി നീട്ടിയത്.
ടോള്‍ ബൂത്തുകളിലൂടെ കടന്നുപോകുമ്പോള്‍ വാഹനങ്ങളിലെ ഫാസ്ടാഗ് കൃത്യമായി പ്രവര്‍ത്തിക്കാത്തത് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഗതാഗതക്കുരുക്ക് രൂക്ഷമായാല്‍ ഫാസ്ടാഗ് ഘടിപ്പിച്ച വാഹനങ്ങള്‍ക്കുള്ള പ്രത്യേക ലൈന്‍ മറ്റ് വാഹനങ്ങള്‍ക്കും തുറന്നു കൊടുക്കുമെന്നും ദേശീയ പാത അതോറിറ്റി വ്യക്തമാക്കി.
Your comment?