ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് യാഥാര്‍ഥ്യമായി

തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് നിലവില്‍വന്നു. കേരള ബാങ്ക് രൂപവത്കരണത്തിനെതിരായ 21 ഹര്‍ജികള്‍ ഹൈക്കോടതി വെള്ളിയാഴ്ച തള്ളിയതിനുപിന്നാലെ ഉത്തരവിറങ്ങി. മലപ്പുറം ജില്ലാബാങ്ക് ഒഴികെയുള്ള 13 ബാങ്കുകളാണ് കേരളബാങ്കിന്റെ ഭാഗമാകുന്നത്.
ലയനനടപടികളില്‍ ഇടപെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നു വിലയിരുത്തിയാണ് കോടതി അനുമതി നല്‍കിയത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റേതാണ് ഉത്തരവ്. സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ പ്രത്യേക അപേക്ഷയിലാണ് കോടതി അടിയന്തരമായി വാദംകേട്ടത്. ഷെഡ്യൂള്‍ ബാങ്കായ കേരള ബാങ്കില്‍ നോണ്‍ ഷെഡ്യൂള്‍ ബാങ്കായ ജില്ലാബാങ്കുകള്‍ ലയിപ്പിക്കുന്നതില്‍ അപാകമുണ്ടെന്ന വാദവും കോടതി തള്ളി.
ഏതുതരത്തിലുള്ള അംഗീകാരമാണ് സംസ്ഥാനബാങ്കിനു നല്‍കേണ്ടതെന്നു തീരുമാനിക്കേണ്ടത് റിസര്‍വ് ബാങ്കാണ്. ലയനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ ഗുരുതരമായ ലംഘനങ്ങളും അപാകങ്ങളുമുണ്ടെങ്കിലല്ലാതെ നടപടികളെ ചോദ്യംചെയ്യാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ലയനം എങ്ങനെയെന്നു തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട അധികൃതരാണെന്നും നടപടി പൂര്‍ത്തിയായശേഷം അന്തിമാനുമതി ഘട്ടത്തില്‍ പരാതികള്‍ ഉന്നയിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ചൂണ്ടിക്കാട്ടി കോടതി ആരോപണങ്ങള്‍ തള്ളി.
Your comment?