ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ കേരള, ലക്ഷദ്വീപ് തീരത്തിനിടയില്‍ വരുംമണിക്കൂറുകളില്‍ കടല്‍ പ്രക്ഷുബ്ധമാകും
തിരുവനന്തപുരം: ദക്ഷിണശ്രീലങ്കാ തീരത്തിനടുത്തായി തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമേഖല ചൊവ്വാഴ്ചയോടെ കന്യാകുമാരി മേഖലയ്ക്കുമുകളില്‍ കൂടുതല്‍ ശക്തിപ്രാപിക്കും. വ്യാഴാഴ്ച ലക്ഷദ്വീപ്, മാലദ്വീപ് മേഖലയ്ക്കുമുകളില്‍ അതിതീവ്ര ന്യൂനമര്‍ദമാകാനും സാധ്യതയുള്ളതായി കാലാവസ്ഥാവിഭാഗം അറിച്ചു.
ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ കേരള, ലക്ഷദ്വീപ് തീരത്തിനിടയില്‍ വരുംമണിക്കൂറുകളില്‍ കടല്‍ പ്രക്ഷുബ്ധമാകും. മത്സ്യത്തൊഴിലാളികള്‍ ഒരുകാരണവശാലും കേരളതീരത്തും കന്യാകുമാരി, മാലദ്വീപ്, ലക്ഷദ്വീപ് തീരത്തും മീന്‍പിടിക്കാന്‍ പോകരുത്. പോയവര്‍ ഏറ്റവും അടുത്തുള്ള തീരത്ത് എത്രയുംവേഗമെത്തണമെന്നും മുന്നറിയിപ്പുണ്ട്.
ലക്ഷദ്വീപ്, മാലദ്വീപ് മേഖല, തെക്കുകിഴക്കന്‍ അറബിക്കടല്‍, തെക്കന്‍ കേരളതീരം, മാന്നാര്‍ കടലിടുക്ക്, തെക്കന്‍ തമിഴ്നാട് തീരം, കന്യാകുമാരി മേഖല എന്നിവിടങ്ങളില്‍ ബുധനാഴ്ചവരെ ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ചില അവസരങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെയാകാം.
31-ന് ലക്ഷദ്വീപ് മേഖലയിലും തെക്കുകിഴക്കന്‍ അറബിക്കടലിലും കേരളതീരത്തും കാറ്റുവീശും. വെള്ളിയാഴ്ച കര്‍ണാടക തീരത്ത് മഴയ്ക്കും 80 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.
Your comment?