വോട്ടിന്റെ മഹത്വം നേരിട്ടറിയിക്കാന്‍ കളക്ടര്‍ ആവണിപ്പാറയില്‍

Editor

”ചേട്ടാ ചേട്ടന്റെ പേരെന്താ? കടത്ത് വള്ളം വലിക്കുന്നതിന് ശമ്പളം കിട്ടാറുണ്ടോ? എത്ര മണി വരെയാ ജോലി സമയം..?, വോട്ട് ചെയ്യുവാന്‍ വരുമല്ലോ അല്ലേ…? തുടര്‍ച്ചയായുള്ള ചോദ്യങ്ങള്‍ കേട്ടാണ് ആവണിപ്പാറയിലെ ഏക കടത്തുകാരന്‍ ഗൗരവത്തില്‍ വള്ളത്തിലുള്ള ആളിനെ തിരിഞ്ഞുനോക്കിയത്. ”എന്റെ പേര് പരമു. ശമ്പളമൊക്കെ കിട്ടാറുണ്ട്. രാവിലെ 6 മുതല്‍ രാത്രി 9 വരെയാണ് കടത്തുസമയം…”എന്ന് ഗൗരവത്തില്‍ പറഞ്ഞു വീണ്ടും തിരിഞ്ഞിരുന്നു തന്റെ ജോലി തുടര്‍ന്നു. വള്ളത്തിലുണ്ടായിരുന്ന വില്ലേജ് ഓഫീസര്‍ ചോദിച്ചു ആളെ മനസിലായില്ലേ? ഇത് നമ്മുടെ കളക്ടര്‍ സാറാണ്. നിങ്ങളെ കാണാനും സംസാരിക്കുവാനും വന്നതാണ്. ഗൗരവത്തിലായിരുന്ന പരമു ചെറുപുഞ്ചിരി സമ്മാനിച്ചു. അപ്പോഴേക്കും വള്ളംഅക്കരെയെത്തി. അമ്പരപ്പ് മാറുംമുമ്പേ അടുത്തിരുന്ന വിഐപി കൈകൊടുത്തതോടെ കളക്ടറേയും സംഘത്തെയും പരമു തന്റെ ഊരിലേക്ക് ക്ഷണിച്ചു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നി നിയോജക മണ്ഡലത്തിലെ ഒറ്റപ്പെട്ട ബൂത്തുകളിലൊന്നായ ആവണിപ്പാറയില്‍ സൗകര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു ജില്ലാ കളക്ടര്‍ പി.ബി നൂഹും സംഘവും. കോന്നിയിലെ നാല് ഒറ്റപ്പെട്ട ബൂത്തുകളിലൊന്നാണ് ആവണിപ്പാറ.
എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും ജനാധിപത്യത്തിലൂടെ മാത്രമേ വികസനം സാധ്യമാകൂ എന്നും ബൂത്തും സമീപത്തെ വീടുകളും സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ പി ബി നൂഹ് വോട്ടര്‍മാരോട് പറഞ്ഞു. നിലവില്‍ ബൂത്തില്‍ പ്രശ്നമൊന്നുമില്ലെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമായിത്തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് താമസ സൗകര്യം ഫോറസ്റ്റ് സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. വോട്ടര്‍ ബോധവല്‍ക്കരണമായ സ്വീപ് പ്രവര്‍ത്തനങ്ങളും ആവണിപ്പാറയില്‍ നടത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

കോന്നി നിയോജക മണ്ഡലത്തിലെ അവസാന ബൂത്താണ് അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ് ആവണിപ്പാറ ആദിവാസി കോളനിയിലെ അംഗന്‍വാടി 212-ാം ബൂത്ത്. ഇവിടെ 34 കുടുംബങ്ങളിലായി 112 പേരാണ് താമസിക്കുന്നത്. ഇവരില്‍ 66 വോട്ടര്‍മാരാണുള്ളത്. 30 പുരുഷന്മാരും 36 സ്ത്രീകളും.
മലമ്പണ്ടാരം വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ വനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. കോന്നിതഹസില്‍ദാര്‍ കെ എസ് നസിയ, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സി ഗംഗാധരന്‍ തമ്പി, അരുവാപ്പുലം വില്ലേജ് ഓഫീസര്‍ മഞ്ജിത് രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ബ്രദേഴ്‌സ് യുവജന കൂട്ടായ്മയുടെ ഓണാഘോഷവും വാര്‍ഷികാഘോഷവും

മഴ: പത്തനംതിട്ട ജില്ലയില്‍ വെള്ളി,ശനി ഉച്ചയ്ക്ക് 2.30ന് സ്‌കൂള്‍ വിടും

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ