കോട്ടയം: എരുമേലിക്കടുത്തുള്ള ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതോടെ ശബരിമല വിമാനത്താവളം പദ്ധതിയുടെ പ്രധാന തടസ്സം നീങ്ങും. എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച ആശയക്കുഴപ്പം മൂലം ഭൂമി ഏറ്റെടുക്കല്‍ നീളുകയായിരുന്നു. ഭൂമി ലഭിക്കാത്തതിനാല്‍ തുടര്‍പ്രവര്‍ത്തനങ്ങളായ പദ്ധതി റിപ്പോര്‍ട്ട്, പരിസ്ഥിതി ആഘാത പഠനം തുടങ്ങിയവയും തുടങ്ങാനായില്ല. വനം പരിസ്ഥിതി മന്ത്രാലയം അടക്കം വിവിധ വകുപ്പുകളില്‍ നിന്ന് അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ പോലും നല്‍കാനായില്ല.
2262 ഏക്കര്‍ വിസ്തൃതിയുള്ള ചെറുവള്ളി എസ്റ്റേറ്റിലെ 1000 ഏക്കറാണ് വിമാനത്താവളത്തിനു വേണ്ടത്. സര്‍വേ നടത്തി ഭൂമി അളന്നു തിരിക്കുന്നതോടെ ഭൂമി കൈമാറ്റത്തിനുള്ള നടപടികള്‍ ആരംഭിക്കും. തുടര്‍ന്ന് മണ്ണുപരിശോധന, സര്‍വേ നടപടികള്‍ തുടങ്ങിയവ.
എരുമേലി-പത്തനംതിട്ട സംസ്ഥാന പാതയില്‍, എരുമേലിയില്‍നിന്നു 3 കിലോമീറ്റര്‍ അകലെയാണു ചെറുവള്ളി എസ്റ്റേറ്റ്. ജനവാസം കാര്യമായി ഇല്ലാത്തതിനാല്‍ കുടിയൊഴിപ്പിക്കല്‍ പോലുള്ള നടപടികളും പ്രതിസന്ധി സൃഷ്ടിക്കാനിടയില്ല. ഇതേസമയം പരിസ്ഥിതി അനുമതി പ്രധാന കടമ്പയാകും. മൊട്ടക്കുന്നുകള്‍ നിറഞ്ഞ ഭൂപ്രകൃതി ആയതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും വൈകില്ല.
Your comment?