ബസും കാറും കൂട്ടിയിടിച്ച് നാല് യുവാക്കള്‍ മരിച്ചു

പത്തനംതിട്ട: തിരുവല്ല-കുമ്പഴ റോഡില്‍ കുമ്പനാടിന് സമീപം കെ.എസ്.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ച് നാല് യുവാക്കള്‍ മരിച്ചു. കാര്‍ യാത്രക്കാരായ ഇരവിപേരൂര്‍ മംഗലശ്ശേരില്‍ ജോബി (38), വാക്കേമണ്ണില്‍ ബെന്‍ (32), തറവേലില്‍ അനൂപ് പണിക്കര്‍ (25), കോയിപ്പുറത്ത് പറമ്പില്‍ അനില്‍ (35) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ തറവേലില്‍ അനീഷ് കുമാറിനെ (35) കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവര്‍ അടുത്ത സുഹൃത്തുക്കളും അനൂപും അനീഷും ബന്ധുക്കളുമാണ്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അരുണ്‍കുമാറിനും (30) പരിക്കേറ്റിട്ടുണ്ട്. ഫയര്‍ എക്സ്റ്റിങ്യുഷര്‍ പെട്ടിത്തെറിച്ചാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 8.45-നായിരുന്നു അപകടം. കോഴഞ്ചേരിയില്‍നിന്ന് ഇരവിപേരൂര്‍ക്ക് വന്ന കാറും പത്തനംതിട്ടയ്ക്കുപോയ കെ.എസ്.ആര്‍.ടി.സി. വേണാട് ബസും കുമ്പനാട് പെട്രോള്‍ പമ്പിന് സമീപം കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. കാറില്‍നിന്ന് പുകയുയര്‍ന്നത് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി.ഓടിക്കൂടിയ നാട്ടുകാര്‍ രണ്ടുപേരെ പുറത്തെടുത്തു. തിരുവല്ലയില്‍നിന്നും ഫയര്‍ഫോഴ്‌സെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് മറ്റുള്ളവരെ പറുത്തെടുത്തത്. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ കുമ്പനാട്ടെയും തിരുവല്ലയിലെയും ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി.
Your comment?