
കോഴഞ്ചേരി: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിനായി മൂന്നേകാല്‍ ഏക്കര്‍ സ്ഥലം സൗജന്യമായി സര്‍ക്കാരിന് വിട്ടു നല്‍കിയ കോഴഞ്ചേരി മാരാമണ്‍ സ്വദേശിയായ തോമസ് പി ജേക്കബിനേയും മേരി തോമസിനേയും നേരില്‍ കാണാന്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് വീട്ടിലെത്തി. ദമ്പതികളുടെ വലിയ സഹായത്തിന് ജില്ലാ ഭരണകൂടത്തിന്റെ നന്ദിയും ആദരവും അറിയിക്കാനാണ് കളക്ടര്‍ നേരിട്ടെത്തിയത്. കോഴഞ്ചേരി താലൂക്കില്‍ മെഴുവേലി വില്ലേജിലുള്ള തങ്ങളുടെ സ്ഥലമാണ് ഇവര്‍ വീടുവയ്ക്കാനായി വിട്ടു നല്‍കിയത്. ജില്ലാ ഭരണകൂടത്തിന്റെ ആദര സൂചകമായി തോമസ് പി ജേക്കബിനും മേരിക്കും ജില്ലാ കളക്ടര്‍ ഫലകം സമ്മാനിച്ചു. മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ് തോമസ് പി ജേക്കബ്.
റീ ബില്‍ഡ് കേരളയുടെ ഭാഗമായി മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ ആറു വീടുകള്‍ ഈ സ്ഥലത്ത് നിര്‍മിച്ചു വരുകയാണ്. വീടുകള്‍ക്ക് പുറമേ പരമാവധി ആളുകള്‍ക്ക് പ്രയോജനം ലഭിക്കത്തക്ക രീതിയില്‍ ഈ സ്ഥലത്ത് ഫ്ളാറ്റ് നിര്‍മിച്ചു നല്‍കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ആര്‍ ബീനാറാണി, ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കുമാര്‍, തോട്ടപ്പുഴശേരി വില്ലേജ് അസിസ്റ്റന്റ് ബെന്നി എബ്രഹാം, സ്പെഷല്‍ വില്ലേജ് ഓഫീസര്‍ മുഹമ്മദ് ഈസ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Your comment?