തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന വനിതാ ശിശുവികസന പദ്ധതികള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിതാശിശുവികസന മന്ത്രി കെ.കെ.ശൈലജയുടെ സാന്നിധ്യത്തില്‍ അവലോകന യോഗം നടന്നത്. പോഷണ്‍ അഭിയാന്‍, വണ്‍ സ്റ്റോപ്പ് സെന്റര്‍, ബേഠി ബച്ചാവോ ബേഠി പഠാവോ, പ്രധാനമന്ത്രി മാതൃവന്ദന യോജന, കേരളത്തിലെ ഐസിഡിഎസ് പദ്ധതികള്‍ എന്നിവ വിലയിരുത്തി.
കേരളം നടപ്പാക്കുന്ന സ്മാര്‍ട്ട് അങ്കണവാടി പദ്ധതിയില്‍ കേന്ദ്രമന്ത്രി തൃപ്തി അറിയിച്ചു. ഡിജിറ്റല്‍ ഇന്ത്യ, റിന്യൂവബിള്‍ എനര്‍ജി എന്നിവ സ്മാര്‍ട്ട് അങ്കണവാടി പദ്ധതിയുമായി സംയോജിപ്പിക്കാവുന്നതാണെന്നു നിര്‍ദേശിച്ചു. വണ്‍ സ്റ്റോപ്പ് സെന്റര്‍ ആറ് ജില്ലകളില്‍ പ്രവര്‍ത്തനം ആരംഭിച്ചതായും മറ്റു ജില്ലകളില്‍ ഈ മാസം ആരംഭിക്കുമെന്നും കെ.കെ.ശൈലജ അറിയിച്ചു. നിലവില്‍ ചില ജില്ലകളില്‍ താത്കാലിക കെട്ടിടങ്ങളിലാണ് കേന്ദ്രം തുടങ്ങുന്നത്.
Your comment?