പത്തനംതിട്ടയില്‍ നിന്ന് അഞ്ച് ലോഡ് സാധനങ്ങള്‍ വയനാട്ടിലേക്ക്

Editor

പത്തനംതിട്ട:വടക്കന്‍ കേരളത്തിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി പത്തനംതിട്ട ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന വിഭവസമാഹരണ കേന്ദ്രങ്ങളിലേക്ക് സഹായപ്രവാഹം. ജില്ലയില്‍ നിന്ന് അവശ്യവസ്തുക്കളുമായി അഞ്ചു ടോറസ് വണ്ടികള്‍ ഇന്നലെ (14) രാത്രിയോടെ വയനാട്ടിലേക്ക് പുറപ്പെട്ടു.പ്രധാനമായും വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ദുരിതബാധിതര്‍ക്ക് വേണ്ടിയുള്ള അവശ്യവസ്തുക്കളാണ് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, തിരുവല്ല ഡയറ്റ്, പത്തനംതിട്ട കളക്ടറേറ്റ് എന്നിവിടങ്ങളില്‍ ജില്ലാഭരണകൂടം സംഭരിക്കുന്നത്. വയനാട്ടില്‍ വന്‍തോതില്‍ സാധനങ്ങള്‍ വേണ്ടിവരുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇവിടെ നിന്നുപോയ വാഹനങ്ങളില്‍ ജില്ലാഭരണകൂടത്തിന്റെ ഒരു ഉദ്യോഗസ്ഥനും ഉണ്ട്. കയറ്റി അയച്ച സാധനങ്ങളുടെ മുഴുവന്‍ പട്ടികയും ഈ ഉദ്യോഗസ്ഥന്റെ കൈവശമുണ്ട്. ഇവിടെ നിന്നും അയച്ച സാധനങ്ങള്‍ മുഴുവന്‍ ലഭിച്ചുവെന്ന് അതത് ജില്ലാ ഭരണകൂടം സാക്ഷ്യപ്പെടുത്തും. നമ്മള്‍ ശേഖരിക്കുന്നതും കയറ്റി അയക്കുന്നതിനുമെല്ലാം കൃത്യമായ കണക്കുകള്‍ ഉണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു. പ്രമാടത്ത് നിന്നും മൂന്നു ലോഡ് സാധനങ്ങളും തിരുവല്ല ഡയറ്റില്‍ നിന്ന് രണ്ടു ലോഡ് സാധനങ്ങളുമാണ് കയറ്റി അയച്ചത്. പ്രമാടത്ത് ടോറസ് വണ്ടിയിലേക്ക് കളക്ടറുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ കയറ്റിയത്.

ജില്ലാ ഭരണകൂടം ആരംഭിച്ചിരിക്കുന്ന ഈ മൂന്നു വിഭവ സമാഹരണ കേന്ദ്രങ്ങളിലും സാധനങ്ങള്‍ എത്തിക്കുന്നതില്‍ എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് പത്തനംതിട്ട ജില്ലയിലേക്ക് നൂറുകണക്കിന് ട്രക്ക് ലോഡ് സാധനങ്ങളാണ് മറ്റു ജില്ലകളില്‍ നിന്ന് ലഭിച്ചത്. അതുവച്ചുനോക്കുമ്പോള്‍ നമ്മുടെ ജില്ലയില്‍ നിന്ന് കൂടുതല്‍ സാധനങ്ങള്‍ സംഭരണകേന്ദ്രങ്ങളിലേക്ക് എത്തിക്കണം. അതിനുള്ള കരുത്ത് നമ്മുടെ ജില്ലയ്ക്കുണ്ട്. ഈ കേന്ദ്രങ്ങള്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും പ്രവര്‍ത്തിക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും സഹായവുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.
ഇന്നലെ(14) കളക്ടറേറ്റില്‍ ആരംഭിച്ച വിഭവസമാഹരണ കേന്ദ്രത്തില്‍ രണ്ടു മിനി ലോറികളില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുന്‍സിപ്പല്‍ യൂണിറ്റ് ഭാരവാഹികള്‍ അവശ്യസാധനങ്ങള്‍ എത്തിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍സിപ്പല്‍ യൂണിറ്റ് പ്രസിഡന്റ് ശശി ഐസക്, ജനറല്‍ സെക്രട്ടറി ടി.ടി അഹമ്മദ്, ട്രഷറര്‍ ഗീവാര്‍ ജോസ്, എന്‍ എം ഷാജഹാന്‍, കെ.മോഹന്‍കുമാര്‍, അബു നവാസ്, കെ.ജി ജെയിംസ്, റിയാസ് ഖാദര്‍, കെ.സി വര്‍ഗീസ്, എം എസ് അബ്ദുള്‍ സലാം, ജോര്‍ജ് വര്‍ഗീസ്, പ്രകാശ് ഇഞ്ചത്താനം, എന്‍ എ നൈസാം, ടി.വി മിത്രന്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് സാധനങ്ങള്‍ കൈമാറി.

അരി, പഞ്ചസാര, വെളിച്ചെണ്ണ, ആട്ട, തുണിത്തരങ്ങള്‍, സോപ്പ്, പേയ്സ്റ്റ്, സാനിറ്ററി ഐറ്റങ്ങള്‍, വാഷിംഗ് പൗഡര്‍, ടോയ്ലറ്റ് ക്ലീനര്‍, ന്യുഡില്‍സ്, നൈറ്റി, കൈലി, ചെരുപ്പ്, സ്‌കൂള്‍ ബാഗ്, എലിപ്പനിക്കുള്ള മരുന്നുകള്‍, പാരസറ്റമോള്‍ ഉള്‍പ്പെടെ എല്ലാത്തരം അവശ്യസാധനങ്ങളും വണ്ടികളിലുണ്ടായിരുന്നു. വ്യപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുന്‍സിപ്പില്‍ യൂണിറ്റിന്റെ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിച്ചാണ് ഇവയെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പ്രളയ ബാധിതരെ സഹായിക്കുന്നതിനായി റാന്നി താലൂക്ക് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സമാഹരണകേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ലഭിക്കുന്ന സാധനങ്ങള്‍ ജില്ലാ സംഭരണ കേന്ദ്രത്തില്‍ എത്തിക്കും. തിരുവല്ല ഡയറ്റില്‍ പ്രവര്‍ത്തിക്കുന്ന സംഭരണ കേന്ദ്രത്തില്‍ 2829 കിലോഗ്രാം അരി, 239 പാക്കറ്റ് പഞ്ചസാര, 102 പാക്കറ്റ് വെളിച്ചെണ്ണ, 3120 പാക്കറ്റ് ബിസ്‌ക്കറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബാത്ത് സോപ്പ് 1973 എണ്ണം ലഭിച്ചപ്പോള്‍ ലുങ്കി, നൈറ്റി എന്നിവ വളരെ കുറവാണ്. യഥാക്രമം 198, 281 എന്നിവങ്ങനെയാണ് ലഭിച്ചത്. അതേസമയം സാനിട്ടറി നാപ്കിന്‍ 1642 എണ്ണം ലഭിച്ചിട്ടുണ്ട്. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ സംഭരണ കേന്ദ്രത്തിലും അരിയാണ് ഏറ്റവും കൂടുതല്‍ ലഭിച്ചിരിക്കുന്നത്. 7000 കിലോയോളം അരിയാണ് ഇവിടെ ലഭിച്ചത്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പ്രളയ വാര്‍ഷിക ദിനത്തില്‍ പത്തനംതിട്ട റാന്നിയില്‍ വെള്ളപ്പൊക്കം

മഹനീയ സേവനം പ്രതിഫലം വാങ്ങാതെ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ കടലിന്റെ മക്കള്‍ കൊല്ലത്തേക്കു മടങ്ങി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015