
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ നക്ഷത്രത്തിളക്കമുള്ള വനിതാ നേതാവും ഒന്നാം മോദി സര്‍ക്കാരിലെ പ്രഗത്ഭയായ വിദേശകാര്യമന്ത്രിയുമായിരുന്ന സുഷമാ സ്വരാജ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 67 വയസായിരുന്നു. ഇന്നലെ രാത്രി 11മണിയോടെ ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു രാജ്യത്തെയാകെ നടുക്കി സുഷമയുടെ ആകസ്മികമായ അന്ത്യം. രാത്രി എട്ടോടെയാണ് സുഷമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2014-ല്‍ മോദി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് 2019-ല്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മത്സരിക്കാന്‍ തയ്യാറായിരുന്നില്ല.നേരത്തെ വാജ്പേയി സര്‍ക്കാരിലും മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. 2009-14 കാലഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
1953-ല്‍ ഫെബ്രുവരി 14-നഹരിയാണയിലെ അംബാലയിലാണ് ജനനം. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും നിയമ ബിരുദവും നേടിയ ശേഷം സുപ്രീം കോടതി അഭിഭാഷകയായിരിക്കവെയാണ് രാഷ്ട്രീയത്തിലെത്തിയത്. ദേവിലാലിന്റെ നേതൃത്വത്തിലുള്ള ജനതാ പാര്‍ട്ടി സര്‍ക്കാറില്‍ 25-ാംവയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രിയായി. 27-ാം വയസ്സില്‍ ജനതാപാര്‍ട്ടി പ്രസിഡന്റ്. 90-ല്‍ രാജ്യസഭാംഗമായി.
1996 -ലാണ് ആദ്യമായി ദക്ഷിണ ഡല്‍ഹി മണ്ഡലത്തില്‍നിന്ന് ലോക്സഭയിലെത്തിയത്. 99-ല്‍ ബെല്ലാരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടു.1998 ല്‍ ഡല്‍ഹി മുഖ്യമന്ത്രിയായി. എന്‍.ഡി.എ. സര്‍ക്കാറില്‍ വാര്‍ത്താ വിതരണപ്രക്ഷേപണം, ആരോഗ്യം, വാര്‍ത്താവിനിമയം എന്നീ മന്ത്രാലയങ്ങളുടെ ചുമതലയും വഹിച്ചിട്ടുണ്ട്.
നിലവില്‍ ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് അംഗമാണ്. എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയപ്രവേശം. ഏഴ് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Your comment?