ഓണ്‍ലൈന്‍ വഴി വാങ്ങിയ ‘റെഡ്മി’ മെബൈല്‍ ഫോണ്‍ തകരാറായി: സര്‍വ്വീസ് സെന്റര്‍ ഉടമ തകരാര്‍ പരിഹരിച്ച് നല്‍കിയില്ല: ഉപഭോക്തൃ കോടതി നഷ്ടപരിഹാരം വിധിച്ചു
അടൂര്‍ മണ്ണടി സ്വദേശിയും അദ്ധ്യാപകനും പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അവിനാഷ് പള്ളീനഴികത്ത് കൊല്ലം ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഫോറം പ്രസിഡന്റ് ഇ. എം മുഹമ്മദ് ഇബ്രാഹിമും ഫോറം അംഗം എസ്. സന്ധ്യാറാണിയും അടങ്ങുന്ന ബെഞ്ചാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് വഴി കഴിഞ്ഞ മാര്‍ച്ചില്‍ വാങ്ങിയ ഫോണ്‍ തകരാറായതിനെ തുടര്‍ന്ന് കൊല്ലം വടയാറ്റുകോട്ടയിലെ റഡ്മി അംഗീകൃത സര്‍വ്വീസ് സെന്ററായ ജി-സെല്‍ എന്ന സ്ഥാപനത്തില്‍ കേടുപാടുകള്‍ തീര്‍ക്കാന്‍ നല്‍കി മൂന്ന് മാസം കൂടി കമ്പിനി നല്‍കുന്ന വാറണ്ടി പരിരക്ഷ ഉണ്ടായിരുന്നിട്ടും കേടുപാട് തീര്‍ക്കാന്‍ 3686രൂപ ആവശ്യപ്പെടുകയും ഫോണ്‍ പരിശോധന നടത്തിയതിന് 118 രൂപ അനധികൃതമായി വാങ്ങി.
ഇത് ചോദ്യം ചെയ്ത ഉപഭോക്താവിനെ ഭീഷിണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു ഇതിനെതിരെ കൊല്ലം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിട്ടും കടയുടമ സ്റ്റേഷനില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കൊല്ലം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ഫോണിന്റെ തകരാര്‍ പരിഹരിച്ച് ഉപഭോക്താവിന് ഉണ്ടായ മാനസികവ്യഥയ്ക്ക് നഷ്ടപരിഹാരമായി 5000 രൂപയും അനധികൃതമായി ഫോണ്‍ പരിശോധിച്ചതിന് വാങ്ങിയ 118 രൂപയും തിരികെ നല്‍കണമെന്നും അല്ലാത്തപക്ഷം ഫോണിന്റെ വിലയായ 7999 രൂപയും കോടതി ചിലവ് 2000 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും 12 ശതമാനം പലിശനിരക്കില്‍ സര്‍വ്വീസ് സെന്റര്‍ ഉടമയില്‍ നിന്നും ഈടാക്കാന്‍ വിധിച്ചു.
Your comment?