ളാഹ ഊരില്‍ ജില്ലാ കളക്ടറുടെ മിന്നല്‍ സന്ദര്‍ശനം: ആദിവാസികള്‍ക്കായി ചാലക്കയത്ത് പ്രത്യേക അദാലത്ത് നടത്തും
ളാഹ: വനമേഖലയിലെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ മിന്നല്‍ സന്ദര്‍ശനം. ചാലക്കയം പട്ടികവര്‍ഗ കോളനിയിലെയും പ്ലാപ്പള്ളി തിട്ട ആദിവാസി ഊരിലെയും ആദിവാസികളുമായി നേരിട്ടു സംസാരിച്ച കളക്ടര്‍ ഓരോ കുടിയിലും കയറി ഇറങ്ങി ബുദ്ധിമുട്ടുകള്‍ നേരിട്ടു മനസിലാക്കി. ഊരുകളിലെ കുടുംബങ്ങള്‍ക്ക് ഭക്ഷണം, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിവ ലഭിക്കുന്നില്ലെന്ന് കളക്ടര്‍ കണ്ടെത്തി. ഇതുകണക്കിലെടുത്ത് ഒരു മാസത്തിനകം പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് മാത്രമായി ചാലക്കയത്ത് അദാലത്ത് സംഘടിപ്പിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട അവശ്യ രേഖകളും ആനുകൂല്യങ്ങളും അദാലത്ത് മുഖേന ലഭ്യമാക്കും. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് കമ്യൂണിറ്റി കിച്ചണുകളോ ബദല്‍ മാര്‍ഗങ്ങളോ പരിഗണിക്കുമെന്നും ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയിലെ നാല്‍പ്പത് മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ പുനരധിവാസ പ്രവര്‍ത്തന നടപടികളുടെ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിന് ളാഹയിലേക്കുള്ള യാത്രാമധ്യേയാണ് ആദിവാസി ഊരില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്.
ചാലക്കയം പട്ടികവര്‍ഗ കോളനിയിലെ പതിനാല് കുടുംബങ്ങളുടെ എപിഎല്‍ കാര്‍ഡ് ശനിയാഴ്ചയ്ക്കകം ബിപിഎല്‍ ആക്കി മാറ്റി നല്‍കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. മലമ്പണ്ടാരം ഉള്‍പ്പെടെ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ്, മരണ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ലഭിക്കുന്നില്ലെന്ന പരാതിയില്‍ വ്യാഴാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് പെരുനാട് പഞ്ചായത്ത് സെക്രട്ടറിക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുള്ള കുട്ടികള്‍ കൂടുതലായി പഠിക്കുന്ന കിസുമം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പട്ടികവര്‍ഗ വികസന വകുപ്പ് പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന പ്രീ മെട്രിക്ക് ഹോസ്റ്റല്‍ എന്നിവിടങ്ങളും കളക്ടര്‍ സന്ദര്‍ശിച്ചു. കിസുമം സ്‌കൂളിലെയും പ്രീ മെട്രിക് ഹോസ്റ്റലിലെയും അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. കിസുമം സ്‌കൂളിലെ അധ്യാപകര്‍ സ്‌കൂളിലെ പാഠ്യപ്രവര്‍ത്തനങ്ങളും സൗകര്യങ്ങളും കളക്ടര്‍ക്ക് വിശദീകരിച്ചു നല്‍കി. തുടര്‍ന്ന് സ്‌കൂളിലെ വിദ്യാര്‍ഥികളുമായി കളക്ടര്‍ സംവദിച്ചു.
ജില്ലാ പട്ടികവര്‍ഗവികസന ഓഫീസര്‍ വി.ആര്‍ മധു, പെരുനാട് വില്ലേജ് ഓഫീസര്‍ അബ്ദുള്‍ കലാം, റാന്നി തഹസില്‍ദാര്‍ സാജന്‍ കുര്യാക്കോസ്, പെരുനാട് സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ സി എ സോമരാജന്‍ തുടങ്ങിയവര്‍ കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.
Your comment?