കലഞ്ഞൂര്‍: ഗവ. എല്‍പി സ്‌കൂളിന് കെട്ടിടം നിര്‍മിക്കാന്‍ 1.25 കോടി രൂപ വകയിരുത്തിയതായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. സ്‌കൂള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് കളിസ്ഥലം, വിനോദത്തിനായുള്ള മറ്റ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിന് പിടിഎയും പഞ്ചായത്തും രേഖാമൂലം ആവശ്യപ്പെട്ടാല്‍ പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
ഒന്നാം ക്ലാസില്‍ 102 കുട്ടികള്‍ പ്രവേശനം നേടിയ കലഞ്ഞൂര്‍ ഗവ. എല്‍പിഎസിലേക്ക് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് കടന്നുവന്നത് അപ്രതീക്ഷിതമായാണ്. കലഞ്ഞൂര്‍ ഗവ.എച്ച്എസ്എസിലെ എസ്പിസി യൂണിറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സമീപമുള്ള ഗവ. എല്‍പി സ്‌കൂള്‍ മന്ത്രി സന്ദര്‍ശിച്ചത്. 564 കുട്ടികള്‍ പഠിക്കുന്ന കൊച്ചു സ്‌കൂളിലെത്തിയപ്പോള്‍ മന്ത്രിക്കും കൗതുകം. സ്‌കൂളിന്റെ നിലവിലെ സ്ഥിതി അദ്ദേഹം ചോദിച്ചറിഞ്ഞു. അധ്യാപകരും ജനപ്രതിനിധികളും രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളുമായും മന്ത്രി സംസാരിച്ചു. കുട്ടികളുടെ എണ്ണം കൊണ്ടും മുന്‍നിരയിലുള്ള സ്‌കൂളിന് എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പുനല്‍കിയാണ് മന്ത്രി മടങ്ങിയത്. ഒന്നു മുതല്‍ നാലുവരെ ക്ലാസുകളാണ് ഇവിടെയുള്ളത്.
പഞ്ചായത്ത് പ്രസിഡന്റ് എം മനോജ്കുമാര്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആര്‍ ബി രാജീവ്കുമാര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി വി ജയകുമാര്‍, വാര്‍ഡ് മെമ്പര്‍ രമാ സുരേഷ്, സിപിഐ എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ഹെഡ്മാസ്റ്റര്‍ വി അനില്‍, എസ് എം സി ചെയര്‍മാന്‍ രാജേഷ് കുമാര്‍, എസ് രാജേഷ്, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ മന്ത്രിയെ സ്വീകരിച്ചു.
Your comment?