
പത്തനംതിട്ട:അമ്മയുടെ കൈപിടിച്ചു സ്‌കൂളില്‍ ചേരാന്‍ എത്തിയ ഒരു കുട്ടി പോലും കരഞ്ഞില്ല. സ്‌കൂള്‍ മുഴുവന്‍ തോരണങ്ങളാല്‍ അലങ്കരിച്ചിരുന്നു. കുരുന്നുകള്‍ക്കെല്ലാം വര്‍ണത്തൊപ്പിയും ബലൂണുകളും നല്‍കി സ്വീകരിക്കാന്‍ അധ്യാപകര്‍ സ്‌കൂള്‍ കവാടത്തിലുണ്ടായിരുന്നു.
വാദ്യഘോഷങ്ങളോടെയാണ് അധ്യയന വര്‍ഷാരംഭത്തില്‍ കുഞ്ഞുങ്ങളെ വരവേറ്റത്. ഇതെല്ലാം കണ്ട് അത്ഭുത ലോകത്തായിരുന്നു പുതുതായി സ്‌കൂളില്‍ ചേര്‍ന്ന കുരുന്നുകള്‍. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്ന കലഞ്ഞൂര്‍ ഗവ എച്ച് എസ്എസിലാണ് രസകരമായ ഈ കാഴ്ചകള്‍.
കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് പ്രീ-പ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുളള വിദ്യാലയങ്ങളില്‍ ഒരേ ദിവസം അധ്യയനം ആരംഭിച്ചത്. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വ ആര്‍ ബി രാജീവ്കുമാര്‍ നിര്‍വഹിച്ചു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല നേട്ടത്തിന്റെ പാതയിലാണെന്നും, സംസ്ഥാന സിലബസില്‍ പഠിക്കാന്‍ കൂടുതല്‍ കുട്ടികള്‍ എത്തുന്നത് വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിയതിനാലാണെന്നും ജില്ലാ പഞ്ചായത്തംഗം പറഞ്ഞു. ഗുണമേന്മയുളള വിദ്യാഭ്യാസം എല്ലാവര്‍ക്കും അനുഭവവേദ്യമാക്കാനുളള സര്‍ക്കാരിന്റെ പ്രായോഗിക നടപടികള്‍ വിപ്ലവകരമായ സ്വാധീനമാണ് പൊതുസമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. വിദ്യാലയങ്ങളെല്ലാം ഇതിനോടകം തന്നെ ഹൈടെക്കായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പു തന്നെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ്കുമാര്‍ പറഞ്ഞു. ഒപ്പം മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ സന്ദേശവും കുട്ടികള്‍ക്കായി അവതരിപ്പിച്ചു. അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കി. വിദ്യാര്‍ഥികളുടെ ഹാജര്‍ കുറയാതിരിക്കുന്നതിനും പുതിയ അക്കാദമിക വര്‍ഷം 203 പ്രവര്‍ത്തി ദിനങ്ങള്‍ ഉറപ്പാക്കാനും ഉറച്ച നടപടികള്‍ വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചു കഴിഞ്ഞു. അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ അടിസ്ഥാനത്തില്‍ സമൂഹ പങ്കാളിത്തത്തോടെ വിദ്യാലയ വികസന പരിപാടികള്‍ പൂര്‍ത്തിയായി വരുന്നു. അക്കാദമിക മികവ് വിദ്യാലയ മികവ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ അധ്യാപകരും, രക്ഷിതാക്കളും, പൊതുസമൂഹവും ഒത്തൊരുമിച്ച്് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്.
ഗവ എല്‍പി, എച്ച്എസ്, വിഎച്ച്എസ്എസ്, എച്ച്എസ്എസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിച്ചത്. പ്രത്യേകം ചിട്ടപ്പെടുത്തിയ പ്രവേശനോത്സവ ഗാനം വിദ്യാര്‍ഥികള്‍ ആലപിച്ചാണ് കുരുന്നുകളെ സ്‌കൂളുകള്‍ വരവേറ്റത്. കുട്ടികളുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും തദ്ദേശകലാകാരന്മാരുടെയും കലാ സാംസ്‌കാരിക പരിപാടികള്‍, പഠനോപകരണ വിതരണം, ഗണിതവിജയം കൈപ്പുസ്തക പ്രകാശനം തുടങ്ങിയ പരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു.
പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി എ ശാന്തമ്മ, എസ്എസ്‌കെ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ ആര്‍ വിജയമോഹനന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ജി അനിത, പറക്കോട് ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ വി റ്റി അജോമോന്‍, എസ്എസ്‌കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ കെ ജെ ഹരികുമാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി ലാലിക്കുട്ടി, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി വി ജയകുമാര്‍, പത്തനംതിട്ട ഡിഇഒ കെ വത്സല, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എപി ജയലക്ഷമി, കോന്നി എഇഒ എ സുമയ്യാബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.
Your comment?