പത്തനംതിട്ട :സംസ്ഥാനത്തു വീണ്ടും നിപ്പ ബാധ സംശയിച്ചതോടെ, ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ഉണര്‍ന്നു. എല്ലായിടത്തും അതീവ ജാഗ്രത. നേരിടാനുള്ള ഒരുക്കവും എല്ലായിടത്തും ആരംഭിച്ചു.
നിപ്പ ബാധിച്ചുവെന്നു സംശയിക്കുന്ന രോഗി ചികിത്സയിലുള്ള എറണാകുളം ജില്ലയില്‍, പ്രാഥികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടുന്നവരില്‍ നിപ്പ ബാധ സംശയമുള്ളവരുണ്ടെങ്കില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കും. ഇതിനു പ്രത്യേക ആംബുലന്‍സുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡ് തയാറാണ്. പൊള്ളല്‍ ചികില്‍സാ കേന്ദ്രത്തിലെ 8 മുറികളാണ് വാര്‍ഡാക്കി മാറ്റിയത്. ചികിത്സയ്ക്കായി പ്രത്യേകസംഘത്തെ നിയോഗിച്ചു. ജനറല്‍ ആശുപത്രിയില്‍ നിന്നു കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. രോഗികളെ സഹായിക്കാനായി ഹെല്‍പ് ഡെസ്‌ക് തയാറാക്കി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെയും കലക്ടര്‍ മുഹമ്മദ് സഫിറുല്ലയും സജ്ജീകരണങ്ങള്‍ വിലയിരുത്തി.രോഗികളുമായി അടുത്തിടപഴകുന്നവര്‍ക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
മെഡിക്കല്‍ കോളജ് ജീവനക്കാരുടെ അവധിക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ചികിത്സാ സൗകര്യത്തിനായി ഓരോ വിഭാഗങ്ങള്‍ക്കു പ്രത്യേക ചുമതലകള്‍ നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ വിവിധ വിഭാഗങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും. ദേശീയ ആരോഗ്യ മിഷനിലെ ജീവനക്കാരെയും നിയോഗിക്കും.
രോഗികളെ ചികിത്സിക്കാന്‍ നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്കു പരിശീലനം നല്‍കി രോഗ പ്രതിരോധ പ്രവര്‍ത്തനത്തിനു സജ്ജമാക്കും.
Your comment?