പത്തനംതിട്ടയില്‍ ചതുഷ്‌കോണ മത്സരത്തിനും സാധ്യത: യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണ: ജനപക്ഷം നേതാവ് പി.സി.ജോര്‍ജും മത്സരിക്കുമെന്ന്:ബിജെപിപി.എസ്. ശ്രീധരന്‍പിള്ളയുടെയും കെ.സുരേന്ദ്രന്റെയും പേര്
പത്തനംതിട്ട യുഡിഎഫ് എല്‍ഡിഎഫ്സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായതോടെ തിരഞ്ഞെടുപ്പുചിത്രം കൂടുതല്‍ വ്യക്തം. ജനപക്ഷം നേതാവ് പി.സി.ജോര്‍ജും മത്സരിക്കുമെന്നു പ്രഖ്യാപിച്ചതോടെ പത്തനംതിട്ടയില്‍ ചതുഷ്‌കോണ മത്സരത്തിനും സാധ്യത തെളിഞ്ഞു. സിറ്റിങ് എംപി ആന്റോ ആന്റണി തന്നെയാകും യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് ഏറെക്കുറെ ഉറപ്പാകുകയും ഇടതു സ്ഥാനാര്‍ഥിയായി വീണാ ജോര്‍ജ് എംഎല്‍എയുടെ പേരു നിര്‍ദേശിക്കപ്പെടുകയും ചെയ്തതോടെ മണ്ഡലം മത്സര ആവേശത്തിലേക്ക് കടന്നുകഴിഞ്ഞു.
ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക അന്തിമരൂപമായില്ലെങ്കിലും സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയുടെയും കെ.സുരേന്ദ്രന്റെയും പേരുകളാണ് കേള്‍ക്കുന്നത്. ത്രികോണ മത്സരം കാത്തിരുന്ന പത്തനംതിട്ടയിലേക്ക് പി.സി.ജോര്‍ജിന്റെ വരവ് മത്സരത്തിന്റെ ഗതി മാറ്റുമോ, ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം ആരെയൊക്കെ ബാധിക്കും എന്നൊക്കെയുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. തന്റെ പാര്‍ട്ടിയെ യുഡിഎഫില്‍ എടുക്കുന്നതിനുള്ള ചര്‍ച്ചകളില്‍ എതിര്‍പ്പുന്നയിച്ച കോണ്‍ഗ്രസ് നേതൃത്വത്തെ സമ്മര്‍ദത്തിലാക്കാന്‍ കൂടിയാണ് പി.സി.ജോര്‍ജിന്റെ വരവെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
സ്വതന്ത്രനായി പൂഞ്ഞാറില്‍ മത്സരിച്ചു ജയിച്ച ജോര്‍ജിന് പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ പി.സി.ജോര്‍ജ് മത്സര രംഗത്ത് ഉറച്ചുനിന്നാല്‍ ചതുഷ്‌കോണ മത്സരമാകും മണ്ഡലത്തില്‍. കഴിഞ്ഞദിവസം തിരുവനന്തപുരത്തു ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ രാജു ഏബ്രഹാം എംഎല്‍എയുടെ പേരാണ് പത്തനംതിട്ട മണ്ഡലത്തിലേക്ക് നിര്‍ദേശിക്കപ്പെട്ടത്. ഇവിടെ രാജു ഏബ്രഹാമെങ്കില്‍ കോട്ടയത്ത് വനിതാ പ്രാതിനിധ്യം എന്ന നിലയിലാണ് സിന്ധുമോള്‍ ജേക്കബിനെ തീരുമാനിച്ചത്.
രാജു ഏബ്രഹാം നേതൃത്വത്തെ സമീപിച്ച് ബുദ്ധിമുട്ടറിയിച്ചതിനെ തുടര്‍ന്നാണ് രണ്ടാമത് പരിഗണനയിലുണ്ടായിരുന്ന വീണാ ജോര്‍ജിനെ സിപിഎം പരിഗണിച്ചതെന്നാണ് വിവരം. ഇന്നലെ സിപിഎം പത്തനംതിട്ട പാര്‍ലമെന്റ് സമിതിയോഗം ചേര്‍ന്ന് വീണാ ജോര്‍ജ് എംഎല്‍എയുടെ പേര് മാത്രം നിര്‍ദേശിക്കുകയും ചെയ്തു. ഇന്നും നാളെയും ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ അന്തിമ തീരുമാനമാകുകയും 9ന് പ്രഖ്യാപിക്കുകയും ചെയ്യും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരരംഗത്ത് ഇറങ്ങിയ വീണാ ജോര്‍ജ് ആറന്മുള മണ്ഡലത്തില്‍ നിന്ന് 7,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. മണ്ഡലത്തില്‍ ആന്റോ ആന്റണിക്ക് ഇതു മൂന്നാം അങ്കമാണ്.
Your comment?