മണ്ണടി: മുടിപ്പുര ദേവീക്ഷേത്രത്തില്‍ ഉച്ചബലി ഉത്സവത്തിന്റെ ഭാഗമായി നടന്ന തിരുമുടി എഴുന്നള്ളത്ത് ഭക്തസഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യമായി. വൈകിട്ട് 5.30ന് വാദ്യമേളങ്ങള്‍, മുത്തുക്കുട, തീവെട്ടി, ആലവട്ടം, വെഞ്ചാമരം എന്നിവയുടെ അകമ്പടിയില്‍ തിരുമുടി എഴുന്നള്ളത്ത് പഴയകാവ് ദേവീക്ഷേത്രത്തിലേക്കു പുറപ്പെട്ടു.
ആചാരപ്രകാരം തിരുമുടി എഴുന്നള്ളിക്കുന്ന മണ്ണടി നമ്പൂടഴികത്ത് വടക്കേതില്‍ ബിജുകുമാര്‍ വാക്കവഞ്ഞിപ്പുഴ മഠത്തിലെത്തി അനുഗ്രഹം വാങ്ങിയ ശേഷം കരക്കാര്‍ക്ക് വെറ്റിലയും പുകയിലയും വച്ച ശേഷമാണ് തിരുമുടി ശിരസ്സിലേറ്റിയത്.പരമ്പരാഗത പാതയിലൂടെ പഴയകാവ് ദേവീക്ഷേത്രത്തിലെ ആല്‍മരച്ചുവട്ടിലെത്തി. അപ്പോഴേക്കും ക്ഷേത്രത്തിനകത്തെ പാട്ടമ്പലത്തില്‍ വര്‍ഷത്തിലൊരിക്കല്‍ തയാറാക്കുന്ന നിവേദ്യം പാകമാക്കി.
താളം ചവിട്ടി ആല്‍ത്തറയില്‍ ഇറക്കിവച്ച തിരുമുടി വീണ്ടും കണ്ടുതൊഴുത് അനുഗ്രഹം വാങ്ങാനായി ഭക്തര്‍ ആല്‍മരച്ചുവടിനെ ലക്ഷ്യമാക്കി എത്തി. രാത്രി 12 ന് ദാരിക നിഗ്രഹത്തെ അനുസ്മരിപ്പിച്ച് മുടിപ്പേച്ചും നടന്നു.ദാരികാനിഗ്രഹത്തിനായി ഉഗ്രസ്വരൂപിണിയായി മാറുന്ന ദേവിയെ ശാന്തസ്വരൂപിണിയാക്കി മാറ്റുന്നതിന് അടവിയും ബലിക്കുടയും നടത്തി. ഇന്ന് രാവിലെ എട്ടിന് മണ്ണടി നിലമേല്‍ ആല്‍ത്തറയില്‍ നിന്ന് തിരുതിരുമുടിയെ എതിരേറ്റ് മുടിപ്പുര ക്ഷേത്രത്തിലേക്ക് ആനയിച്ചു.
Your comment?