തിരുവനന്തപുരം:അടിയന്തര ഘട്ടങ്ങളില്‍ സഹായ അഭ്യര്‍ഥനയ്ക്കുള്ള ഒറ്റ ഫോണ്‍നമ്പര്‍ ‘112’ സംസ്ഥാനത്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനസജ്ജമാകും. ഇതോടെ പോലീസ് നമ്പറായ 100, അഗ്‌നിരക്ഷാ സേനയ്ക്കായുള്ള 101 നമ്പറുകള്‍ ഇല്ലാതാകും. ക്രമേണ മറ്റ് അടിയന്തര സേവന ഫോണ്‍നമ്പറുകളും ഇതിലേക്ക് മാറും.സ്മാര്‍ട്ട് ഫോണുകളിലെ പവര്‍ ബട്ടണ്‍ തുടര്‍ച്ചയായി മൂന്നുവട്ടം അമര്‍ത്തിയാല്‍ കണ്‍ട്രോള്‍ റൂമിലേക്ക് സഹായം അഭ്യര്‍ഥിച്ച് സന്ദേശം പോകുന്ന സംവിധാനവും ഇതോടൊപ്പമുണ്ടാകും. പദ്ധതി നടപ്പാകുന്നതോടെ രാജ്യത്ത് ആദ്യഘട്ടത്തില്‍ 112 നമ്പര്‍ സജ്ജമാക്കുന്ന സംസ്ഥാനങ്ങളിലൊന്നാകും കേരളം.
24 മണിക്കൂറും 112-ലേക്ക് വിളിക്കാം. പ്രാദേശിക ഭാഷകളില്‍ ആവശ്യം അറിയിക്കാം. കേരളത്തില്‍ പുതുതായി സ്ഥാപിക്കുന്ന വീഡിയോ റെക്കോഡിങ്ങിനുള്ള പോലീസിന്റെ സുരക്ഷാ ക്യാമറകളെയും ഇതുമായി ബന്ധിപ്പിക്കും.
തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ പ്രധാന കണ്‍ട്രോള്‍റൂമും വിവിധ പോലീസ് ജില്ലകളിലുള്ള കണ്‍ട്രോള്‍റൂമുകളും ബന്ധിപ്പിച്ചുള്ള ട്രയല്‍ വിജയകരമായാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം (ഇ.ആര്‍.എസ്.എസ്.) പദ്ധതിയുടെ ഉദ്ഘാടനം നടക്കും.</p>
കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് രാജ്യത്തെല്ലായിടത്തും എമര്‍ജന്‍സി നമ്പറായ 112 പദ്ധതി നടപ്പാക്കുന്നത്. കംപ്യൂട്ടര്‍ സഹായത്തോടെയുള്ള അടിയന്തര ഇടപടലും ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജി.ഐ.എസ്.) വഴിയുള്ള ഫോണ്‍കോള്‍ പിന്തുടരലും ഗ്ലോബല്‍ പോസിഷനിങ് സിസ്റ്റത്തിന്റെ (ജി.ഐ.എസ്.) സഹായത്തോടെ വാഹനങ്ങള്‍ സംഭവസ്ഥലത്തേക്ക് അയയ്ക്കലും സാധ്യമാക്കുന്നതാണ് ഇ.ആര്‍.എസ്.എസ്. സി-ഡാക്കാണ് രാജ്യത്താകെ പദ്ധതിയുടെ സേവനദാതാവ്.
322 കോടി രൂപയോളമാണ് പദ്ധതിക്കായി കേന്ദ്രം ചെലവിടുന്നത്. എല്ലാ സംസ്ഥാനങ്ങളിലും പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാന്‍ സമിതികളെയും നിയോഗിച്ചു. ഹിമാചല്‍പ്രദേശ്, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ പദ്ധതി നടപ്പായി. ഇപ്പോള്‍ കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങളിലാണ് പ്രവര്‍ത്തനസജ്ജമാകുന്നത്.
Your comment?