ശാസ്താംകോട്ട : അര്‍ധരാത്രിയില്‍ നവജാതശിശുവിനെ റോഡുവക്കില്‍ ഉപേക്ഷിച്ചു. കുഞ്ഞിനെ രാത്രിയില്‍ത്തന്നെ കൊല്ലം വിക്ടോറിയ ആശുപത്രിക്ക് കൈമാറി. ശിശുക്ഷേമസമിതിയുമായി ബന്ധപ്പെട്ട് കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് മാറ്റാനാണ് തീരുമാനം.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ബുധനാഴ്ച രാത്രി പന്ത്രണ്ടോടെ ശാസ്താംകോട്ട ജങ്ഷനില്‍ കോളേജ് റോഡിന്റെ തുടക്കത്തിലാണ് ഉപേക്ഷിച്ചനിലയില്‍ കുട്ടിയെ കണ്ടത്.അഞ്ചുദിവസത്തില്‍ താഴെ പ്രായംവരുന്ന പെണ്‍കുഞ്ഞിനെ വെള്ളത്തുണിയില്‍ പൊതിഞ്ഞ് ഇവിടത്തെ പെട്ടിക്കടയുടെ തട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതുവഴി പോയ ബൈക്ക് യാത്രികരാണ് കുഞ്ഞിനെ ആദ്യം കണ്ടത്. കരച്ചില്‍കേട്ട് ഇവര്‍ നോക്കുമ്പോള്‍ ചുറ്റുപാടും തെരുവുനായ്ക്കള്‍ കുരയ്ക്കുകയായിരുന്നു.
ഇവര്‍ നല്‍കിയ വിവരമനുസരിച്ച് ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധപരിശോധനയില്‍ കുഞ്ഞ് ആരോഗ്യവതിയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് രാത്രിതന്നെ പോലീസ് സഹായത്തോടെ വിക്ടോറിയ ആശുപത്രിയിലെത്തിച്ചു.
ഈ സമയത്ത് ഇതുവഴി വന്ന വാഹനങ്ങളുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് പരിശോധന നടത്തുകയാണ്. ആഡംബരക്കാറിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. രണ്ട് ബൈക്കുകളും ഇതുവഴി പോയിട്ടുണ്ട്. കുഞ്ഞുമായി പോലീസ് പോയശേഷവും കാര്‍ സംഭവസ്ഥലംവഴി പോയതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ചിത്രങ്ങള്‍ വ്യക്തമല്ലാത്തത് അന്വേഷണത്തെ ബാധിക്കുമോ എന്ന സംശയം പോലീസ് ഉയര്‍ത്തുന്നു.
Your comment?