പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പൊലീസ് സംരക്ഷണത്തോടെ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ തുടങ്ങി. ബി ജെപിയും അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹര്‍ത്താലിനെ പിന്തുണക്കുന്നുണ്ട്. യുഡിഎഫ് ഇന്ന് കരിദിനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്.
അതേസമയം ഇന്നലെയുണ്ടായ പ്രതിഷേധത്തിനിടെ പത്തനംതിട്ട പന്തളത്ത് കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ മരിച്ചു. കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ (55) ആണ് മരിച്ചത്. ശബരിമല കര്‍മസമിതിയുടെ പ്രതിഷേധ പ്രകടനത്തിനിടയില്‍ സിപിഐഎം ഓഫിസില്‍നിന്നും കല്ലേറുണ്ടായപ്പോഴാണ് ഇയാള്‍ക്ക് പരിക്കേറ്റത്. പലയിടങ്ങളിലും കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്യുന്നുണ്ട്. എംസി റോഡില്‍ ചെങ്ങന്നൂര്‍ വെളളാവൂരിലും മൂവാറ്റുപുഴയിലും ഗതാഗതം സ്തംഭിച്ചു. വാഹനങ്ങള്‍ക്ക് നേരെയും വ്യാപക അക്രമമുണ്ടായി.
ഹര്‍ത്താലില്‍ ഏതെങ്കിലും വിധത്തിലുള്ള അക്രമങ്ങളുണ്ടാക്കുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഹര്‍ത്താലുകള്‍ നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് റേഞ്ച് ഐജിമാരോടും സോണല്‍ എഡിജിപിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കയ്യില്‍ നിന്ന് നഷ്ടത്തിനു തുല്യമായ തുക ഈടാക്കാന്‍ നിയമനടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ, സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് തീരുമാനം. ഇന്ന് ജനജീവിതം സാധാരണ രീതിയിലാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്രമത്തിനു മുതിരുകയോ നിര്‍ബന്ധമായി കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യുമെന്നും ഡിജിപി വ്യക്തമാക്കി. കടകള്‍ തുറന്നാല്‍ അവയ്ക്ക് ആവശ്യമായ സംരക്ഷണം നല്‍കും. ബലം പ്രയോഗിച്ചു കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണം. വ്യക്തികള്‍ക്കും വസ്തുവകകള്‍ക്കും എതിരെയുളള അക്രമങ്ങള്‍ കര്‍ശനമായി തടയണം. സര്‍ക്കാര്‍ ഓഫീസുകള്‍, കെഎസ്ഇബി, മറ്റ് ഓഫിസുകള്‍ എന്നിവയ്ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തണം. കെഎസ്അര്‍ടിസി ബസുകള്‍, സ്വകാര്യ ബസുകള്‍ എന്നിവ തടസ്സം കൂടാതെ സര്‍വീസ് നടത്തുന്നതിന് സൗകര്യം ഒരുക്കണം. കോടതികളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കണം. ആവശ്യമായ സ്ഥലങ്ങളില്‍ പൊലീസ് പിക്കറ്റും പട്രോളിങ്ങും ഏര്‍പ്പെടുത്തണം.
ഹര്‍ത്താലിനോടനുബന്ധിച്ചു നിയമവാഴ്ചയും സമാധാനവും പാലിക്കുന്നതിന് ജില്ലാ കലക്ടര്‍മാരും ജില്ലാ പൊലീസ് മേധാവികളും സ്വീകരിച്ച നടപടികള്‍ ചീഫ് സെക്രട്ടറി ടോം ജോസും ഡിജിപി ലോക്നാഥ് ബെഹ്റയും വിലയിരുത്തി. ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങളോ അനിഷ്ട സംഭവങ്ങേളാ ഉണ്ടാകാതിരിക്കാനും സാധാരണ ജനജീവിതത്തെ ബാധിക്കാതിരിക്കാനും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതു സ്ഥാപനങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാന്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ പ്രധാന കേന്ദ്രങ്ങളില്‍ നിയോഗിച്ചു.
Your comment?