കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ഒരു രക്തസാക്ഷി: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് റിട്ട. ജീവനക്കാരന്‍ തൂങ്ങി മരിച്ചു
അടൂര്‍: പണി പോയ എം-പാനലുകാരുടെ ദുഃഖങ്ങളും ദുരിതങ്ങളും ചര്‍ച്ച ചെയ്യുന്നതിനിടെ കെഎസ്ആര്‍ടിസിയുടെ പേരില്‍ ഒരു രക്തസാക്ഷി. പെന്‍ഷന്‍ കിട്ടാത്തത് കാരണം മരുന്നു വാങ്ങാന്‍ നിവൃത്തിയില്ലാതെ റിട്ട ചെക്കിങ് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി. അടൂര്‍ കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് മുതിരക്കാലായില്‍ കെ രാജനാ(60)ണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീടിന് സമീപമുള്ള അയല്‍വാസിയുടെ റബര്‍ മരത്തില്‍ തൂങ്ങിമരിച്ചത്. സാധാരണ എല്ലാ മാസവും അഞ്ചിനും ഏഴിനും ഇടയില്‍ രാജന് പെന്‍ഷന്‍ ലഭിച്ചിരുന്നു.
നിരവധി രോഗങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നു. പെന്‍ഷന്‍ കൊണ്ടാണ് ചികില്‍സ നടത്തിയിരുന്നതും മരുന്നു വാങ്ങിയതും. ഈ മാസം 21 വരെ പെന്‍ഷന്‍ ലഭിക്കാതെ വന്നതോടെ മാനസികമായി രാജന്‍ തകര്‍ന്നു. ഇന്നായിരുന്നു അവസാന പ്രതീക്ഷ. അതുമില്ലാതായതോടെ ജീവനൊടുക്കുകയായിരുന്നു. ചികില്‍സയ്ക്കും മരുന്നിനും പണം തികയാതെ വന്നതിനാല്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. രണ്ടു മക്കളുടെ വിദ്യാഭ്യാസം അടക്കം രാജന് ചെലവേറെയായിരുന്നു. ഭാര്യ പുഷ്പ തൊഴിലുറപ്പ് ജോലിക്ക് പോയി കിട്ടുന്ന വരുമാനവും ഒരു ആശ്രയമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മകള്‍ അടൂര്‍ ഐ.എച്ച്.ആര്‍.ഡി. എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്ന ആര്യ വീട്ടില്‍ വന്നപ്പോഴാണ് മൃതദേഹം കണ്ടത്. മകന്‍ അതുല്‍ ഐടിഐ വിദ്യാര്‍ത്ഥിയാണ്. സംസ്‌കാരം ശനിയാഴ്ച 12 ന് വീട്ടുവളപ്പില്‍ നടക്കും.
Your comment?