എം.ഐ ഷാനവാസ് എംപി അന്തരിച്ചു:വിടവാങ്ങിയത് കേരള രാഷ്ട്രീയത്തില്‍ തിരുത്തല്‍വാദ ആശയത്തിന്റെ അമരക്കാരില്‍ പ്രധാനി എംഐക്ക് കേരളത്തിന്റെ ആദരാജ്ഞലി
വയനാട്: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും എംപിയുമായ എം.ഐ ഷാനവാസ് (67) അന്തരിച്ചു.കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെത്തുടര്‍ന്നു ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മരിച്ചത്. കഴിഞ്ഞ മാസം 31നാണ് ഷാനവാസിനെ ക്രോംപേട്ടിലെ ഡോ. റേല മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ രണ്ടിനായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ അണുബാധയെത്തുടര്‍ന്നു അഞ്ചിന് ആരോഗ്യനില വഷളായി.
തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പില്‍ അഡ്വ. എം.വി. ഇബ്രാഹിംകുട്ടിയുടേയും നൂര്‍ജഹാന്‍ ബീഗത്തിന്റേയും മകനായി 1951 സെപ്തംബര്‍ 22 ന് കോട്ടയത്താണ് ഷാനവാസ് ജനിച്ചത്. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ഷാനവാസ് കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എയും എറണാകുളം ലോ കോളജില്‍ നിന്ന് എല്‍.എല്‍.ബിയും നേടി. യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ തുടങ്ങി കോണ്‍ഗ്രസിന്റെ പോഷക സംഘടനകളുടെയും ചുമതല വഹിച്ചിട്ടുണ്ട്.
കോണ്‍ഗ്രസില്‍ കരുണാകരപക്ഷത്തു നിന്ന് തന്നെ തിരുത്തല്‍ ഘടകമായി (തിരുത്തല്‍വാദികള്‍ എന്നറിയപ്പെട്ടു) രംഗത്തുവന്ന മൂവര്‍ സംഘത്തിലെ പ്രധാനിയായിരുന്നു ഷാനവാസ് .
1972ല്‍ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍, 1978ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983ല്‍ കെ.പി.സി.സി ജോയിന്റ് സെക്രട്ടറി, 1985ല്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു.
ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് ഒപ്പം നിര്‍ത്തുന്നതില്‍ ഷാനാവാസിന്റെ സ്വാധീനം വ്യക്തമായി അറിഞ്ഞുകൊണ്ടായിരുന്നു കഴിഞ്ഞ രണ്ട് ലോക് സഭാ തിരഞ്ഞെടുപ്പുകളിലും വയനാടില്‍ ജനവിധി തേടാനുള്ള ദൗത്യം പാര്‍ട്ടി ഷാനവാസിനെ ഏല്‍പിച്ചത്. ഈ വിശ്വാസം ഷാനവാസ് നിലനിര്‍ത്തി.
2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് വയനാട്ടില്‍ നിന്ന് ഷാനവാസ് വിജയിച്ചത്. 2014 തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ സത്യന്‍ മൊകേരിയെ തോല്‍പ്പിച്ചു.
ഷാനവാസിന്റെ വിടവാങ്ങലിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന കണ്ണിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ഭാര്യ ജുബൈരി. മക്കള്‍ :അമിന, ഹസീബ്.
Your comment?