
നിലയ്ക്കല്‍: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നിലയ്ക്കലില്‍ സമരം നടത്തിയവരെ പോലീസ് ഒഴിപ്പിച്ചു. സമരപ്പന്തല്‍ പോലീസ് പൊളിച്ചുനീക്കി. ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിവന്ന സമരപ്പന്തലാണ് പൊളിച്ചുനീക്കിയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് നടപടി.
പുലര്‍ച്ചെ ഹനുമാന്‍ സേനയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം നേരിയ സംഘര്‍ഷത്തിനിടയാക്കി. ചാനല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയ്യേറ്റശ്രമവും നടന്നു. തുടര്‍ന്ന് പോലീസിന്റെ നിയന്ത്രണം മറികടന്ന് സമരപ്പന്തലില്‍ കയറിയ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതിനു ശേഷമാണ് പന്തല്‍ പൊളിച്ചുനീക്കുന്ന നടപടിയിലേക്ക് കടന്നത്. വന്‍തോതില്‍ പോലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരം ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സമരക്കാര്‍ സ്ഥലം കൈയ്യടക്കുന്നതും ക്രമസമാധാന പ്രശ്നം ഉണ്ടാകുന്നതും ഒഴിവാക്കാനാണ് പോലീസിന്റെ നീക്കം. ചൊവ്വാഴ്ച തന്നെ സമരക്കാര്‍ പ്രകോപനങ്ങളുണ്ടാക്കിയതാണ് ഇത്തരം നടപടിയിലേക്ക് നീങ്ങാന്‍ പോലീസ് തയ്യാറായതെന്നാണ് സൂചന. ചൊവ്വാഴ്ച രാത്രിയോടെ ബസ്സുകള്‍ പരിശോധിക്കാനെന്ന പേരില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടയുകയും തമിഴ്നാട്ടുകാരായ ദമ്പതികളെ ബസില്‍നിന്ന് പുറത്തിറക്കിവിടുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
Your comment?