5:32 pm - Thursday November 23, 9020

ഭൂചലനമുണ്ടായിട്ടും അടൂരില്‍ മണ്ണു മാഫിയ-പൊലീസ് ലോബി മലകള്‍ തുരക്കുന്നു

Editor

അടൂര്‍: കഴിഞ്ഞയാഴ്ച അടൂര്‍ താലൂക്കില്‍ മാത്രമായി ഒരു ഭൂചലനമുണ്ടായി. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഭൂമി വിണ്ടു കീറി. നിലതെറ്റി പലരും വീണു. എന്നാല്‍ ഇങ്ങനെ ഒരു ഭൂചലനം ഭൂകമ്പ മാപിനിയില്‍ കണ്ടില്ല. അപ്പോള്‍ തന്നെ പരിസ്ഥിതി വാദികളും ഭൗമശാസ്ത്രജ്ഞരും വിധിയെഴുതി ഇത് മണ്ണെടുപ്പിന്റെയും ക്വാറി പ്രവര്‍ത്തനങ്ങളുടെയും അനന്തരഫലമാണ്. പക്ഷേ, ഈ വിധിയെഴുത്ത് കണ്ട് കുലുങ്ങില്ല താലൂക്കിലെ മണ്ണു മാഫിയയും ജില്ലാ ജിയോളജിസ്റ്റും അടൂര്‍ പൊലീസും. അവര്‍ നിര്‍ബാധം മണ്ണെടുത്തു കടത്തിക്കൊണ്ടേയിരിക്കുന്നു.

പത്തനംതിട്ട ജില്ലയിലെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ വിവരം മറച്ചു വച്ചു. പക്ഷേ, കൊല്ലത്തു നിന്നുള്ള സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് വിഭാഗം കള്ളക്കളി മുഴുവന്‍ പൊളിച്ചു. അടൂരിലെ അതീവ ഗുരുതരമായ അവസ്ഥയെ കുറിച്ച് അവര്‍ ഇന്റലിജന്‍സ് എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. വിവരം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണം.

എന്നാല്‍, അന്വേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ സ്പെഷല്‍ ബ്രാഞ്ച് പൊലീസില്‍ തന്നെ ആളും റെഡി. വിപുലമായ മുന്നൊരുക്കങ്ങളോടെയാണ് അടൂരില്‍ മണ്ണു ഖനനം വീണ്ടും സജീവമായത്. ഇതിനായി മണ്ണു മാഫിയ ബന്ധമുള്ള പൊലീസുകാരെ തൂത്തു വാരി അടൂരിലേക്ക് കൊണ്ടു വരികയാണ് ചെയ്തത്. പന്തളം സ്റ്റേഷനില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ഒരു ഡ്രൈവര്‍, സ്പെഷല്‍ ബ്രാഞ്ചിലെ പൊലീസുകാരന്‍ എന്നിവര്‍ അങ്ങനെ എത്തിയവരാണ്. ഇതിന് പുറമേ ചില പൊലീസുകാരെയും ഇതിനായി നിയോഗിച്ചു. മേലുദ്യോഗസ്ഥരുടെ താല്‍പര്യ പ്രകാരമായിരുന്നു ഈ നിയമനം.

ജില്ലാ ജിയോളജിസ്റ്റ് കൈക്കൂലിക്കേസില്‍ സസ്പെന്‍ഷനിലാകുന്നതിന് മുന്‍പ് വാരിക്കോരി പാസ് നല്‍കിയിരുന്നു. പുതുതായി വന്ന ജിയോളജിസ്റ്റും ഇക്കാര്യത്തില്‍ ഒട്ടും പിശുക്ക് കാട്ടിയില്ല. പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിശോധിക്കാതെ നീട്ടി വലിച്ച് അനുമതി നല്‍കി. പാസിന്റെ പിന്‍ബലത്തിലായിരുന്നു മണ്ണു കടത്ത്. അനുവദനീയമായതില്‍ അധികം ലോഡു കടത്തുന്നതിനാണ് പോലീസിന് പടി കിട്ടുന്നത്. താഴെ നിന്ന് മുകളിലേക്ക് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് പടി.

മണ്ണു മാഫിയയ്ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഈ രംഗത്ത് മുന്‍ പരിചയമുള്ളവരെ തെരഞ്ഞു പിടിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ ഡ്രൈവര്‍ ആക്കിയത്. ഇങ്ങനെ നിയമിതനായ ഒരു പോലീസുകാരന് സ്വന്തമായി ജെസിബിയും ടിപ്പറുമുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്ക് വേണ്ടി ബിനാമികളാണ് ഇവ കൈകാര്യം ചെയ്യുന്നത്. പോലീസ്-മണ്ണു മാഫിയ ബന്ധം പുറത്തു വന്നതോടെ സ്പെഷല്‍ ബ്രാഞ്ച് പോലീസുകാരന്റെ തനിനിറവും പുറത്തായി. രഹസ്യ വിവരം ശേഖരിക്കാനെന്ന വണ്ണം മാധ്യമ പ്രവര്‍ത്തകരെ വിളിക്കുന്ന ഇയാള്‍ കിട്ടുന്ന സൂചനകള്‍ മണ്ണു മാഫിയയ്ക്കും ാെലീസിലെ ഒറ്റുകാര്‍ക്കും കൈമാറുകയാണ് ചെയ്തിരുന്നത്. ഡബിള്‍ ഗെയിം പിടികിട്ടിയതോടെ മാധ്യമ പ്രവര്‍ത്തകര്‍ ഇയാളെ ഒഴിവാക്കിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരും സംശയ നിഴലില്‍ തന്നെയാണ്.

ഒരു ഉദ്യോഗസ്ഥന്‍ ആറു നമ്പരുകള്‍ വരെ ഉപയോഗിക്കുന്നുവെന്നാണ് വിവരം. ഇതില്‍ മണ്ണുകാര്‍ക്ക് വേണ്ടി പ്രത്യേകം നമ്പര്‍ നല്‍കിയിട്ടുണ്ട്. പൊലീസിന്റെ അവിഹിത ഇടപെടല്‍ വാര്‍ത്തയായതോടെ മത്സരിച്ച് ലോറി പിടിക്കാനും ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങി. ഡിവൈഎസ്പി ഒരു ലോറി പിടിച്ചാല്‍ ഇന്‍സ്പെക്ടര്‍ രണ്ടെണ്ണം പിടിക്കും. ഇതിനിടയില്‍ എസ്ഐയും സംഘടിപ്പിക്കും ഒരെണ്ണം. തങ്ങള്‍ സത്യസന്ധരാണെന്ന് കാണിക്കുന്നതിന് വേണ്ടിയാണ് പൊലീസുകാര്‍ മത്സരിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ഇതിനിടെ മണ്ണു മാഫിയയുമായി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ തെറിക്കുമെന്നും സൂചനയുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന് അനഭിമതനായ ഒരു ഉദ്യോഗസ്ഥനെ മാറ്റാനുള്ള നീക്കം നടക്കുകയാണ്. അടൂരില്‍ ഡിവൈഎസ്പിക്ക് പകരം ഐപിഎസുകാരെ എഎസ്പിയാക്കി നിയമിക്കുമെന്നാണ് അറിയുന്നത്. മണ്ണു മാഫിയ പോലീസ് അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച് ജില്ലാ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എസ്പി ടി നാരായണന്‍ പറഞ്ഞു. മണ്ണു മാഫിയ പൊലീസ് കൂട്ട് കെട്ട് സംബന്ധിച്ച് വിശദമായ അന്വേഷണമാണ് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി നടത്തുന്നത്.

സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മൊബൈല്‍ ഫോണിലേക്ക് വന്നതും വിളിച്ചതുമായ നമ്പരുകളുടെ വിവരങ്ങള്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ശേഖരിച്ചു വരികയാണ്. പള്ളിക്കല്‍ പഞ്ചായത്ത്

പ്രദേശത്ത് വ്യാപകമായി നടക്കുന്ന മണ്ണെടുപ്പിനെതിരെ ലോക്കല്‍ പോലീസിന്റെ നടപടി പ്രഹസനമാകുന്നതായി പരാതി ഉയര്‍ന്നിരുന്നു.

ലോക്കല്‍ പൊലീസ് അറിയാതെ സം സ്ഥാന രഹസ്യാന്വേഷണ വിഭാഗം രണ്ട് മാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് എഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മണ്ണെടുപ്പ് അതിന്റെ പാരമ്യത്തിലെത്തിയിട്ടും ഇത് സംബന്ധിച്ച യാതൊരു റിപ്പോര്‍ട്ടും മേലുദ്യോഗസ്ഥര്‍ക്ക് നല്‍കാതിരുന്ന രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിലെ ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥര്‍ അടൂര്‍ കേന്ദ്രീകരിച്ച് തുടരന്വേഷണം നടത്തുന്നുമുണ്ട്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മണ്ണുമാഫിയായും പോലീസും തമ്മില്‍ അവിശുദ്ധകൂട്ടുകെട്ട് അന്വേഷണം ആരംഭിച്ചു

അടൂരില്‍ തണല്‍മരങ്ങള്‍ വെട്ടിനശിപ്പിച്ച് ഗോപു നന്ദിലത്ത് ജിമാര്‍ട്ട് ഉദ്ഘാടനം ഇന്ന്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ