ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഈ മാസം 10ന് (തിങ്കളാഴ്ച) ഭാരത് ബന്ദ് നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. രാവിലെ 9 മണി മുതല്‍ 3 മണി വരെയാണ് ബന്ദ്. വാഹനങ്ങള്‍ തടയില്ല. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങള്‍, ധര്‍ണകള്‍ എന്നിവ നടത്തും. പ്രതിപക്ഷ കക്ഷികള്‍ ബന്ദിനു പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സംഘടനകളും ജനങ്ങളും ഭാരത് ബന്ദുമായി സഹകരിക്കണമെന്ന് കോണ്‍ഗ്രസ് അഭ്യര്‍ഥിച്ചു.
പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വിലവര്‍ധന ജനങ്ങള്‍ക്ക് കടുത്ത ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. പെട്രോളിന്റെയും ഡീസലിന്റെയും വില ചരക്ക് സേവന നികുതി (ജി.എസ്.ടി) യുടെ പരിധിയിലാക്കണം. ഇന്ധന വിലവര്‍ധനമൂലം സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിയെന്നും സുര്‍ജേവാല പറഞ്ഞു.
Your comment?