ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് അന്തരിച്ചു. 93 വയസായിരുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വൃക്കരോഗത്തിനാണ് വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മൂന്നു തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു.
ഇന്ന് വൈകുന്നേരം 5.05നായിരുന്നു അന്ത്യം. 1996,98,99 വര്‍ഷങ്ങളില്‍ പ്രധാനമന്ത്രിയായിരുന്നു. ബിജെപിയുടെ സ്ഥാപക അധ്യക്ഷനാണ്.പൊഖ്റാന്‍ ആണവ പരീക്ഷണവും കാര്‍ഗില്‍ യുദ്ധവും നടന്നത് വാജ്പേയ് പ്രധാനമന്ത്രിയായ കാലത്താണ്.2001 ലെ പാര്‍ലമെന്റ് ആക്രമണം നടന്നപ്പോള്‍ വാജ്പേയി ആയിരുന്നു പ്രധാനമന്ത്രി .ഒന്‍പത് തവണ ലോക്സഭാംഗവും രണ്ട് തവണ രാജ്യസഭാംഗവുമായി .1996ല്‍ പതിമൂന്നു ദിവസവും 98ല്‍ പതിനൊന്ന് മാസവും പ്രധാനമന്ത്രിയായി.ബി.ജെ.പിയുടെ പൂര്‍വ്വ രൂപമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകാംഗമാണ്.2004ല്‍ പ്രധാനമന്ത്രി പദം ഒഴിഞ്ഞ ശേഷം അനാരോഗ്യം കാരണം പൊതുരംഗത്തു നിന്ന് പൂര്‍ണ്ണമായും വിരമിച്ച് വിശ്രമജീവിതം നയിച്ചു.
1924 ഡിസംബര്‍ 25 ന് മധ്യപ്രദേശിലെ ഗ്വാളിയറില്‍ ജനിച്ചു.കൃഷ്ണ ബിഹാരി വാജ്പോയി യുടേയും കൃഷ്ണാ ദേവിയുടേയും മകനായി ജനനം.കാണ്‍പൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും രാഷ്ട്രതന്ത്രത്തില്‍ എം.എ പൂര്‍ത്തിയാക്കിയ ശേഷം നിയമപഠനത്തിനു ചേര്‍ന്നു.പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയിലിലായി.1951 ല്‍ ജനസംഘം രൂപം കൊണ്ടപ്പോള്‍ സ്ഥാപകാംഗമായി.1968 മുതല്‍ 73 വരെ ജന സംഘത്തിന്റെ പ്രസിഡന്റായി. ജനസംഘം പിന്നീട് 1980ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയായപ്പോള്‍ ആദ്യ പ്രസിഡന്റായി വാജ്പേയ്.ഒരിക്കല്‍ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയെന്ന് നെഹ്റു തന്നെ വാജ്പേയിയെ വിശേഷിപ്പിച്ചു.മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ 1977 മാര്‍ച്ച് 26 മുതല്‍ 1979 ജൂലൈ 28 വരെ വിദേശകാര്യ മന്ത്രിയായിരുന്നു.കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസ്സ് ഇതര പ്രധാനമന്ത്രി കൂടിയാണ് വാജ്പേയ്.1992ല്‍ പത്മവിഭൂഷനും 1993ല്‍ കാണ്‍പൂര്‍ യൂണിവേഴ്സിറ്റിയുടെ ഡിലിറ്റും 1994 ല്‍ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡും ലഭിച്ചു.2015ല്‍ ഭാരതരത്നം നല്‍കി രാജ്യം വാജ്പേയിയെ ആദരിച്ചു.
Your comment?