ആറന്മുള :പ്രളയക്കെടുതിക്കിരയായ ആറന്മുളയിലെ എഴിക്കാട് കോളനി നിവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് തിരുവോണ ദിനത്തില്‍ വീണാജോര്‍ജ് എംഎല്‍എ. കിടങ്ങന്നൂര്‍ സെന്റ് മേരീസ് എംടിഎല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന എഴിക്കാട് കോളനിയിലെ പ്രളയബാധിതര്‍ക്കൊപ്പം എംഎല്‍എ ഓണസദ്യ കഴിച്ചു. പ്രളയത്തില്‍ കൈവിട്ടുപോയ ജീവിതം കരുപ്പിടിപ്പിക്കുന്നതിന് എല്ലാ പിന്തുണയും സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് എംഎല്‍എ ഉറപ്പു നല്‍കി. ക്യാമ്പില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളില്‍ തങ്ങള്‍ തൃപ്തരാണെന്ന് ക്യാമ്പ് നിവാസികള്‍ എംഎല്‍എയോടു പറഞ്ഞു. ക്യാമ്പില്‍ കഴിയുന്നവര്‍ ഓരോരുത്തരോടും എംഎല്‍എ അഭിപ്രായങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതുപ്രകാരം അപ്പപ്പോള്‍ നടപടി സ്വീകരിക്കുന്നതിന് കോഴഞ്ചേരി തഹസീല്‍ദാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.
കേരളീയര്‍ക്ക് ഇത്തവണത്തേതു പോലെ വിഷമകരമായ ഒരു ഓണം ഉണ്ടായിട്ടില്ലെന്ന് എംഎല്‍എ പറഞ്ഞു. തിരുവോണമായിട്ടു പോലും ആഘോഷങ്ങള്‍ ഒന്നുമില്ലാതെ, വെള്ളപ്പൊക്ക ദുരിതം ബാധിക്കാത്ത സ്ഥലങ്ങളില്‍ പോലും നിശബ്ദമായ സ്ഥിതിയാണുള്ളത്. അമ്മമാരും കുഞ്ഞുങ്ങളും ഉള്‍പ്പെടെ നിരവധിപ്പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. എല്ലാ ക്യാമ്പുകളിലും ചെറിയ രീതിയില്‍ സാമ്പാര്‍, അവിയല്‍, പപ്പടം തുടങ്ങിയ വിഭവങ്ങളുള്‍പ്പെടുത്തി സദ്യ ഒരുക്കിയിരുന്നു. എല്ലാവരും പ്രളയദുരിതത്തിന്റെയും നഷ്ടത്തിന്റെയും വേദന മറന്ന് ഒന്നിച്ചു ചേര്‍ന്ന് ആഹാരം പാചകം ചെയ്യുകയും ഒന്നിച്ച് ആഹാരം കഴിക്കുകയും ചെയ്തു. നമുക്ക് പ്രളയ ദുരന്തത്തെ അതിജീവിച്ചേ മതിയാകുകയുള്ളു. കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകുവാന്‍ സര്‍ക്കാരും സുമനസുകളായ ഒരുപാടുപേരും സംഘടനകളും എല്ലാം ചേര്‍ന്നു പരിശ്രമിക്കുകയാണ്. തീര്‍ച്ചയായും നമ്മള്‍ ഇതിനെ അതിജീവിക്കുമെന്നും എംഎല്‍എ പറഞ്ഞു.
വീടുകളില്‍ പലകുടുംബങ്ങള്‍ ഒന്നിച്ചു കഴിഞ്ഞ സ്ഥലത്തെ ക്യാമ്പായി പരിഗണിച്ച് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കോഴഞ്ചേരി തഹസീല്‍ദാര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്‍കി. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ എല്ലാം അവര്‍ക്കും നല്‍കണമെന്നത് സര്‍ക്കാര്‍ തീരുമാനമാണ്. ഇപ്പോഴും ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരുപാട് വീടുകള്‍ ഉണ്ട്. അവയെ കൂടി കണ്ടെത്തി ക്യാമ്പുകളായി രജിസ്റ്റര്‍ ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കണം. ക്യാമ്പുകള്‍ അടയ്ക്കുമ്പോള്‍, വീടുകള്‍ പൂര്‍ണമായി തകര്‍ന്നവരെ പാര്‍പ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പ് ഏര്‍പ്പെടുത്തണം. കിണറുകള്‍ മലിനമായിരിക്കുന്നതിനാല്‍ കുടിവെള്ളമില്ല എന്ന വലിയ പ്രശ്നമുണ്ട്. ഒരു വാര്‍ഡില്‍ തന്നെ 300 മുതല്‍ 400 വരെ കിണറുകള്‍ ഉണ്ട്. വെള്ളം മാറ്റുമ്പോള്‍ അതേ ശക്തിയോടെ വെള്ളം തിരിച്ചു വരുന്ന സ്ഥിതിയുണ്ട്. വൈദ്യുതി ഇല്ലാത്തതും പ്രശ്നമാണ്. ഇതിനു പരിഹാരമായി ജനറേറ്റര്‍ ഉപയോഗിച്ച് വലിയ ശക്തിയുള്ള മോട്ടോര്‍ മുഖേന കിണറുകളിലെ മലിന ജലം ടാങ്കറുകളിലേക്ക് മാറ്റി ശുദ്ധീകരിക്കുന്നതിനാണ് ശ്രമിക്കുന്നത്. അഞ്ച് വീടുകള്‍ക്ക് ഒരു കിണര്‍ എന്ന നിലയില്‍ ശുചീകരണം നടത്തും. ഇതിന്റെ തുടര്‍ച്ചയായി ക്ലോറിനേഷനും നടത്തുമെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ എന്നിവരും സെന്റ് മേരീസ് എംടിഎല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കൊപ്പം ഓണസദ്യ കഴിച്ചു. 35 കുടുംബങ്ങളിലെ നൂറ്റമ്പതോളം പേരാണ് ഈ ക്യാമ്പിലുള്ളത്. നവ്യ റജി, അശ്വതി, മേഘാലക്ഷ്മി, സാധിക, അതിഥി അഭിലാഷ്, ലക്ഷ്മി രാജേഷ്, അരുണിമ, ആദിത്യന്‍ പ്രവീണ്‍, ദേവനന്ദന്‍ തുടങ്ങിയ കൊച്ചു കൂട്ടുകാര്‍ ചേര്‍ന്ന് ക്യാമ്പിനു മുന്‍പില്‍ മനോഹരമായ പൂക്കളം തയാറാക്കിയിരുന്നു. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷാ പുരുഷോത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി. സതീഷ് കുമാര്‍, അംഗങ്ങളായ സൂസന്‍, സോമവല്ലി, ബ്ലോക്ക് പഞ്ചായത്തംഗം ശാന്തമ്മ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കോഴഞ്ചേരി തഹസീല്‍ദാര്‍ ബി. ജ്യോതി, ഡെപ്യുട്ടി തഹസീല്‍ദാര്‍ സി. ഗംഗാധരന്‍ തമ്പി, കിടങ്ങന്നൂര്‍ വില്ലേജ് ഓഫീസര്‍ എ.സീന, ക്യാമ്പ് ഇന്‍ ചാര്‍ജുമാരായ അനില്‍കുമാര്‍, സുകുകുമാര്‍, ഗായത്രി, ക്യാമ്പ് ലീഡര്‍ കെ. രാജേഷ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Your comment?