തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 2395.26 അടിയാണ് ജലനിരപ്പ്. 2395.17 അടിയായി ഉയര്‍ന്നപ്പോള്‍ തന്നെ കെഎസ്ഇബി അതിജാഗ്രതാ നിര്‍ദ്ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചു. തിങ്കളാഴ്ച രാത്രി ഒന്‍പതിന് നടത്തിയ പരിശോധനയിലാണ് അണക്കെട്ടിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കുന്നതിനുള്ള പരിധിയായ 2395.17 അടിയായി ഉയര്‍ന്നത്. ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അണക്കെട്ടിനു മുകളില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.
രാത്രി എട്ട് മണിക്ക് എടുത്ത കണക്കില്‍ 2394.96 അടിയായിരുന്നു ജലനിരപ്പ്. രാത്രി ഏഴിന് 2394.92, വൈകീട്ട് ആറിന് 2394.90, അഞ്ചിന് 2394.86 അടി എന്നിങ്ങനെയായിരുന്നു ജലനിരപ്പ്. ഒന്‍പതു മണിയോടെ ജലനിരപ്പ് 2395 അടിയിലെത്തിയ ഉടനെ കെഎസ്ഇബി ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കുകയായിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം.
ജലനിരപ്പ് ഇനിയും ഉയര്‍ന്ന് 2399 അടിയാകുമ്പോള്‍ റെഡ് അലര്‍ട്ട് (അതീവ ജാഗ്രതാ നിര്‍ദ്ദേശം) നല്‍കും. ഈ ഘട്ടത്തിലാണ് പെരിയാറിന്റെ തീരത്ത്, അപകടമേഖലയില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നത്. മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുക. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനാണ് തീരുമാനം. ഇതിനു മുന്നോടിയായി ട്രയല്‍ റണ്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തിയാണ് ട്രയല്‍ റണ്‍ നടത്തുക. നാലു മണിക്കൂര്‍ വരെ ട്രയല്‍ റണ്‍ നീളും. ചെറുതോണി അണക്കെട്ടില്‍ അഞ്ച് ഷട്ടറുകളാണ് ഉള്ളത്. 40 സെന്റിമീറ്റര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടാല്‍ ഒരു സെക്കന്‍ഡില്‍ അണക്കെട്ടില്‍ നിന്ന് 1750 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുക.
ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരുസംഘത്തെ ആലുവയില്‍ വിന്യസിച്ചിട്ടുണ്ട്. ഒരു സംഘം ഇന്നലെ രാത്രി ഇടുക്കിയിലെത്തി. മറ്റൊരു സംഘം തൃശൂരില്‍ തയ്യാറാണ്. കര, നാവിക, വ്യോമസേനകളുടെയും തീരസേനയുടെയും സഹായം സംസ്ഥാന സര്‍ക്കാര്‍ തേടി. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും നാലു കമ്പനി കരസേനയും രക്ഷാപ്രവര്‍ത്തനത്തിനു തയാറാണ്. എറണാകുളം ജില്ലയില്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ തീരസേനയുടെ ബോട്ടുകളും ഒരുക്കിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്കുശേഷം മഴ കനത്തതോടെ ഡാമിലേക്കുള്ള നീരൊഴുക്കു കൂടി. ജലനിരപ്പ് 2395 അടിയിലെത്തിയ വിവരം കെഎസ്ഇബി ഇടുക്കി കലക്ടര്‍ കെ.ജീവന്‍ ബാബുവിനെ അറിയിച്ചതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കാന്‍ അനുമതി നല്‍കി. ഡാം സേഫ്റ്റി ചീഫ് എന്‍ജിനീയറാണ് അലര്‍ട്ട് പുറപ്പെടുവിച്ചത്. മൈക്കിലൂടെ ഇക്കാര്യം രാത്രി തന്നെ നാട്ടുകാരെ അറിയിച്ചു. ആശങ്ക വേണ്ടെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ 40 കുടുംബങ്ങളെ ആദ്യം സുരക്ഷിത സ്ഥാനത്തേക്കു മാറ്റുമെന്നും കലക്ടര്‍ അറിയിച്ചു. ജലനിരപ്പു സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നു വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയറും അറിയിച്ചു. ചെറുതോണി അണക്കെട്ടിന്റെ താഴെ പ്രദേശങ്ങളിലുള്ളവരും ചെറുതോണിപ്പുഴയുടെയും പെരിയാറിന്റെയും കരകളില്‍ താമസിക്കുന്നവരും കരുതലോടെ കഴിയണമെന്നും നിര്‍ദേശിച്ചു.
Your comment?