പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍
പത്തനംതിട്ട: കടമ്മനിട്ടയ്ക്ക് സമീപം പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. കൊലപാതകമെന്ന് മാതാപിതാക്കളും ബന്ധുക്കളും ആരോപിക്കുമ്പോള്‍ പെണ്‍കുട്ടി തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കടമ്മനിട്ട വിനോദ് ഭവനില്‍ വിനോദ്-മഞ്ജു ദമ്പതികളുടെ മൂത്തമകള്‍ മൈഥിലി(17)യാണ് വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ ഇളയ സഹോദങ്ങളായ മാനസിയും മിഥുനും സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് മൈഥിലി വീട്ടിലെ അടുക്കളയില്‍ ചെറിയ തട്ടില്‍ തുണികൊണ്ടുള്ള കുടുക്കില്‍ തുങ്ങി നില്‍ക്കുന്നത് കണ്ടത്. പരിഭ്രാന്തരായ കുട്ടികള്‍ ബഹളം വച്ചു. അയല്‍ വാസികളായ രണ്ടു സ്ത്രീകള്‍ ഓടിയെത്തിയാണ് കുടുക്ക് അറുത്ത് മൈഥിലിയെ എടുത്തത്. വലിയൊരു കുന്നിന്‍ മുകളിലാണ് മൈഥിലിയുടെ വീട്. അവിടെ നിന്ന് ഈ സ്ത്രീകള്‍ തന്നെയാണ് താങ്ങിപ്പിടിച്ച് റോഡില്‍ എത്തിച്ചത്.
സംഭവം കണ്ടു നിന്ന രണ്ടു യുവാക്കള്‍ കൂടി ചേര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കടമ്മനിട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മൈഥിലിയും സഹോദരങ്ങളും പഠിക്കുന്നത്. മൂന്നുപേരും ഒന്നിച്ചാണ് സ്‌കൂളില്‍ പോകുന്നതും വരുന്നതും. ബുധനാഴ്ച മൈഥിലിയുടെ ക്ലാസ് വൈകിട്ട് അരമണിക്കൂര്‍ നേരത്തേ വിട്ടു. അതു കൊണ്ടു തന്നെ സഹോദരങ്ങളെ കാത്തു നില്‍ക്കാതെ കുട്ടി വീട്ടിലേക്ക് മടങ്ങി. മാതാപിതാക്കള്‍ ജോലിക്ക് പോകുന്നതിനാല്‍ ഇളയ സഹോദരങ്ങളുടെ സംരക്ഷണവും മൈഥിലിയ്ക്കാണ്. മൈഥിലി ഏറെ സന്തോഷവതിയായി പിതാവിനൊപ്പമാണ് ബുധനാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയത്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അതിന് യാതൊരു കാരണവും അവള്‍ക്കില്ലെന്നും പിതാവ് വിനോദ് പറഞ്ഞു.
വിജനമായ പ്രദേശത്ത് ഉള്ള ഇവരുടെ വീട്ടില്‍ കുട്ടി ഒറ്റക്കായപ്പോള്‍ ആരെങ്കിലും അപകടപ്പെടുത്തിയതാകാമെന്ന സംശയത്തിലാണ് ബന്ധുക്കളും നാട്ടുകാരും. വീടിന്റെ അടുക്കളയില്‍ വിറക് വയ്ക്കാനായി നിര്‍മ്മിച്ച ദുര്‍ബലമായ തട്ടില്‍ ഷാളുകള്‍ കൂട്ടിക്കെട്ടിയാണ് മൈഥിലി തൂങ്ങി നിന്നിരുന്നത്. കാലുകള്‍ മടക്കി നിലത്ത് ഇരിക്കുന്ന നിലയിലായിരുന്നതും കഴുത്തില്‍ കെട്ടിയ കുടുക്ക് മുറുകിയിട്ടില്ലായിരുന്നു എന്നതും സംശയത്തിന് ഇട നല്‍കുന്നു. തീര്‍ത്തും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് ഇവരുടേത്. മൈഥിലിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ വീടിന്റെ ചായ്പ് പൊളിച്ചാണ് അടക്കിയത്. ആറന്മുള പൊലീസ് ദുരൂഹ മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, മരണത്തില്‍ ഒരു ദൂരുഹതയുമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങി മരണം തന്നെയാണ്. പീഡനത്തിന് ഇരയായതിന്റെയോ ബലപ്രയോഗത്തിന്റെയോ യാതൊരു ലക്ഷണവുമില്ല. കുട്ടിയുടെ വയറില്‍ ഒരു ചെറിയ നഖക്ഷതം കാണുന്നുണ്ട്. അത് ഒന്നുകില്‍ മരണവെപ്രാളത്തില്‍ കുട്ടി തന്നെ ഉണ്ടാക്കിയതോ രക്ഷാപ്രവര്‍ത്തകര്‍ പിടിച്ചപ്പോള്‍ ഉണ്ടായതോ ആകാമെന്നാണ് പൊലീസിന്റെ നിഗമനം.
Your comment?