5:32 pm - Sunday November 23, 5952

സേവന ഫീസ് എന്ന് പറഞ്ഞ് ഇരട്ടി ചാര്‍ജ് ഈടാക്കി: എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍ സര്‍വീസിനെതിരേ ഉപഭോക്തൃഫോറം വിധി

Editor

പത്തനംതിട്ട: വായ്പ അടച്ചു തീര്‍ത്തതാലും രേഖകള്‍ കൈവശം വച്ച് ഇടപാടുകാരെ ചൂഷണം ചെയ്യുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് താക്കീതായി ഉപഭോക്തൃ ഫോറത്തിന്റെ വിധി. വായ്പയെടുത്ത പണം മുഴുവന്‍ തിരികെ അടച്ചു തീര്‍ത്തിട്ടും ഈടായി നല്‍കിയ ചെക്ക് മടക്കി നല്‍കാതെ അത് ഇടപാടുകാരന്റെ അക്കൗണ്ടില്‍ പ്രസന്റ് ചെയ്ത ധനകാര്യ സ്ഥാപനത്തിനാണ് ഉപഭോക്തൃഫോറം പിഴ അടയ്ക്കാന്‍ വിധിച്ചത്. ബാധ്യത എല്ലാം തീര്‍ന്നതിന് ശേഷവും ഇടപാടുകാരന്റെ അക്കൗണ്ടില്‍ ചെക്ക് സമര്‍പ്പിച്ചതിനും രണ്ടു തവണ പ്രൊസസിങ് ഫീസ് ഈടാക്കിയതിനും നഷ്ടപരിഹാരം നല്‍കാന്‍ ധനകാര്യസ്ഥാപനമായ എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസിനെതിരേയാണ് പത്തനംതിട്ട ജില്ലാ ഉപഭോക്തൃ ഫോറം വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ചങ്ങനാശേരിയില്‍ ജനറേറ്ററുകളുടെ വില്‍പന നടത്തുന്ന ട്രിനിറ്റി പവര്‍ സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ തിരുവല്ല എടയാടിയില്‍ വീട്ടില്‍ ലൈജു വര്‍ഗീസ് നല്‍കിയ പരാതിയിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്. 2014 മേയ് മാസത്തില്‍ ലൈജു എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ കോട്ടയം ശാഖയില്‍ നിന്ന് വ്യക്തിഗതവായ്പ എടുത്തിരുന്നു. 48 മാസത്തവണകളായിട്ടായിരുന്നു തിരിച്ചടവ്. അടവ് കൃത്യമായിരുന്നതിനാല്‍ 29 തവണയ്ക്ക് ശേഷം കൂടുതല്‍ തുകയ്ക്ക് വായ്പ പുതുക്കി നല്‍കി. വായ്പ് ടോപ്പപ്പ് ചെയ്തപ്പോഴും സ്ഥാപനം സര്‍വീസ് ചാര്‍ജ് ഈടാക്കി. തുടര്‍ന്ന് വായ്പ അടച്ചു തീര്‍ന്നു കഴിഞ്ഞപ്പോള്‍, ആദ്യ അക്കൗണ്ടിലേക്ക് വായ്പാ തിരിച്ചടവിന്റെ മാസത്തവണകള്‍ ഈടാക്കാനായി സമര്‍പ്പിച്ചിരുന്ന രണ്ട് പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ ധനകാര്യസ്ഥാപനം ബാങ്കില്‍ നല്‍കുകയായിരുന്നു. ലോണ്‍ അടച്ചു തീര്‍ത്തിരുന്നതിനാല്‍ ഈ അക്കൗണ്ടില്‍ ആവശ്യമായ പണം ഇല്ലായിരുന്നു. അതു കൊണ്ടു തന്നെ ചെക്ക് മടങ്ങി. ഈ വിവരം പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരാതി പരിഹരിക്കാന്‍ ഫിനാന്‍സുകാര്‍ തയാറായില്ല. പരാതിപ്പെട്ട് മടുത്ത ലൈജു വര്‍ഗീസ് ഒടുവില്‍ ഉപഭോക്തൃ ഫോറത്തെ സമീപിച്ചു.

പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഫോറം എതിര്‍കക്ഷികള്‍ 25,000 രൂപ നഷ്ടപരിഹാരവും അധികമായി ഈടാക്കിയ പ്രൊസസിങ് ഫീസ് 17,638 രൂപയും കോടതി ചെലവിനത്തില്‍ മൂവായിരം രൂപയും അടക്കം 39,638 രൂപ നല്‍കാന്‍ നിര്‍ദേശിച്ചു. ഒരു മാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ 10 ശതമാനം പലിശ കൂടി നല്‍കണമെന്ന് പ്രസിഡന്റ് പി സതീഷ് ചന്ദ്രന്‍ നായരും അംഗം ഷീലാ ജേക്കബും അടങ്ങുന്ന ഫോറം ഉത്തരവിട്ടു. പരാതിക്കാരന് വേണ്ടി അഡ്വ ബി അരുണ്‍ദാസ് ഹാജരായി.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ബോബി ബസാറിന്റെ ബമ്പര്‍ സമ്മാനമായ കാറിന്റെ താക്കോല്‍ കൈമാറി

കല്യാണ്‍ ജ്വല്ലറി രാജ്യത്തു 100 ഷോറൂമുകളിലേക്ക്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ