പത്തനംതിട്ട: കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ് മൂലസ്ഥാനത്തെ തൃപ്പാദ മണ്ഡപ സമര്‍പ്പണവും പത്താമുദയ വല്യപടയണിയും ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ നാലിന് മലയുണര്‍ത്തല്‍. 4.15ന് താംബൂല സമര്‍പ്പണം. മലയ്ക്ക് പടയണി 6.30ന് നടക്കും. പ്രധാന വഴിപാടായ വാനരയൂട്ട്, മീനൂട്ട് എന്നിവ 8.45ന് നടക്കും.
9.30ന് സമൂഹസദ്യ. രാത്രി ഒന്‍പതിന് പുരാതനമായ കുംഭപ്പാട്ടും തുടര്‍ന്ന് നാട്യകല സ്‌കൂള്‍ ഓഫ് ഡാന്‍സ് അക്കാദമിയുടെ നൃത്തനൃത്യങ്ങള്‍ എന്നിവയുണ്ടാകും. പ്രധാന ഉത്സവമായ പത്താമുദയം നാളെ നടക്കും. രാവിലെ അഞ്ചിന് കാവ് തൃപ്പടി പൂജ, 6.15ന് പത്താമുദയ വല്യപടയണി. പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാല രാവിലെ ഏഴിന് പത്മശ്രീ പുരസ്‌കാരം ജേതാവ് ലക്ഷ്മിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. സീരിയല്‍ താരം മൃദുല വിജയി പങ്കെടുക്കും.
ആനയൂട്ട്, പൊങ്കാല നിവേദ്യ സമര്‍പ്പണവും 9.30ന് ആണ്. ഇത്തവണ ആനയൂട്ട് നാട്ടാനകള്‍ക്കല്ല. നദിയുടെ മറുകരയില്‍ സ്ഥിരമായി കാട്ടാന എത്തുന്ന സ്ഥലത്ത് അവര്‍ക്കുള്ള നിവേദ്യം സമര്‍പ്പിച്ചാണ് ആനയൂട്ട് നടത്തുന്നതെന്ന് കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ് സംരക്ഷണ സമിതി പ്രസിഡന്റ് സി.വി.ശാന്തകുമാര്‍, പിആര്‍ഒ ജയന്‍ കോന്നി എന്നിവര്‍ പറഞ്ഞു. നവീകരിച്ച തൃപ്പാദ മണ്ഡപത്തിന്റെയും ഉപദേവാലയ സമുച്ചയങ്ങളുടെയും സമര്‍പ്പണം എന്നിവ 11ന് ഊരാളി ആര്‍.കെ.സ്വാമിയുടെ സാന്നിധ്യത്തില്‍ കുംഭപ്പാട്ട് ആശാന്‍ കൊക്കാത്തോട് ഗോപാലന്‍, കാവ് മുഖ്യന്‍ ഊരാളി ഭാസ്‌കരന്‍, രണ്ടാംതറ ഗോപാലന്‍ ഊരാളി, രാജു ഊരാളി എന്നിവരുടെ കാര്‍മികത്വത്തില്‍ ഭദ്രദീപം തെളിയിച്ച് നിര്‍വഹിക്കും.
സാംസ്‌കാരിക സദസ്സ് രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജു പങ്കെടുക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബോബി ചെമ്മണ്ണൂര്‍, സാമൂഹികപ്രവര്‍ത്തക ഡോ. എം.എസ്.സുനില്‍, പത്തനാപുരം ഗാന്ധിഭവന്‍ ചെയര്‍മാന്‍ ഡോ. പുനലൂര്‍ സോമരാജന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിക്കും. ഉച്ചയ്ക്ക് 12ന് സമൂഹസദ്യ. ഒന്നിന് ഇടുക്കി കോവില്‍ മന്ന ഗോത്രമന്ത്രി രാജപ്പന്‍ രാജ മന്നാനും സംഘവും അവതരിപ്പിക്കുന്ന മന്നാന്‍കൂത്ത്, രാത്രി ഏഴിന് കുംഭപ്പാട്ട്, ഊരുമുഴക്കം നാടന്‍പാട്ട്, രാത്രി 10ന് ഭരതക്കളി, പടയണിക്കളി, തലയാട്ടം എന്നിവയും ഉണ്ടാകും.
കെ.എസ്.ആര്‍.ടി.സി
പത്തനംതിട്ട പത്താമുദയം ഉത്സവം പ്രമാണിച്ച് കല്ലേലി ഊരാളി അപ്പൂപ്പന്‍കാവിലേക്ക് കെഎസ്ആര്‍ടിസി ഇന്നും നാളെയും കോന്നിയില്‍ നിന്ന് രാവിലെ നാല് മുതല്‍ പ്രത്യേക സര്‍വീസ് നടത്തും.
Your comment?