കൊട്ടിയം: വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ താഴെവിള പുത്തന്‍വീട്ടില്‍ ഷാജിയുടെ മകള്‍ എല്‍.വിജി (21) യെയാണു മരിച്ച നിലയില്‍ കണ്ടത്.മകളെ കാണാനില്ലെന്നു കാണിച്ചു വീട്ടുകാര്‍ കൊട്ടിയം പൊലീസ് സ്റ്റേഷനില്‍ ബുധന്‍ രാത്രി പരാതി നല്‍കിയിരുന്നു. ഇന്നലെ രാവിലെ കണ്ടെത്തി. പൊലീസ് പറയുന്നത്: കൊട്ടിയത്തെ സ്വകാര്യ ലാബിലെ ടെക്നീഷ്യനാണു യുവതി. ബുധന്‍ വൈകിട്ട് ആറിനു ലാബ് അടച്ചശേഷം സ്കൂട്ടറില്‍ ഇന്ധനം നിറയ്ക്കാന്‍ സിതാര ജംക്ഷനിലെ പെട്രോള്‍ പമ്പില്‍ എത്തി.
ഈ സമയം ഒരു യുവാവ് വിജിയുടെ അടുത്തെത്തി സംസാരിക്കുകയും സ്കൂട്ടറിന്റെ താക്കോല്‍ പിടിച്ചു വാങ്ങുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. യുവാവ് ആരാണെന്ന് ചുറ്റും കൂടിയവര്‍ ചോദിച്ചപ്പോള്‍ അറിയില്ലായെന്നായിരുന്നു വിജിയുടെ മറുപടി. ഇവിടെ നിന്നു പോയ വിജിയെ പിന്നീട് കാണാതാകുകയായിരുന്നു. വിജിയുടെ അച്ഛന് ഷാജി വിദേശത്താണ്. അമ്മ: ലീല. സഹോദരി: ലിജി.
യുവാവിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഈ യുവാവ് ബുധന്‍ ഉച്ചയ്ക്കും വൈകിട്ടും വിജി ജോലി ചെയ്തിരുന്ന ലാബില്‍ രക്തപരിശോധനയ്ക്ക് എത്തിയിരുന്നെന്ന് വിജിയുടെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്നലെ രാവിലെ ഒരാള്‍ ലാബിലേക്കു ഫോണില്‍ വിളിച്ച് ലിജി എത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചിരുന്നു. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Your comment?