അടൂര്‍: ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. രാജ്പ്രകാശ് തല്‍സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബജറ്റ് അവതരണം തടസ്സപ്പെടുത്തി യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ ഇറങ്ങിപ്പോയി. തൊഴിലുറപ്പ് പദ്ധതിയില്‍ സാമ്പത്തിക ക്രമക്കേടു കാട്ടിയ രാജ്പ്രകാശ് 2016 ഒക്ടോബര്‍ 15 മുതല്‍ 2017 ജനുവരി31 വരെ തൊഴില്‍ ചെയ്യാതെ ഹാജരിട്ട് തൊഴിലുറപ്പ് പദ്ധതിയില്‍ പണം കൈപ്പറ്റുകയും വിജിലന്‍സ് അന്വേഷണത്തിനിടെ കൈപ്പറ്റിയ പണം തിരിച്ചടക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് എട്ടു മാസമായി ധനകാര്യ സ്ഥിരം സമിതി യോഗം കൂടിയിരുന്നില്ല. ഈ അവസ്ഥയില്‍ സ്റ്റിയറിങ് കമ്മിറ്റിയാണ് ഈ വര്‍ഷത്തെ ബജറ്റിനു രൂപം നല്‍കിയത്. ധനകാര്യ സ്ഥിരം സമിതി തയാറാക്കി അംഗീകാരം നല്‍കാത്ത ബജറ്റ് അസാധുവാണെന്നും അവതരണം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അംഗങ്ങള്‍ മുദ്രാവാക്യം വിളിയോടെ ചേംബറിനടുത്തെത്തി വിയോജനകുറിപ്പ് നല്‍കി ബജറ്റ് അവതരണം ബഹിഷ്‌കരിക്കുകയായിരുന്നു. അരുണ്‍രാജ് ആണ് വിഷയം അവതരിപ്പിച്ചത്. അരുണ്‍രാജ്, എസ്. സജിത, ബിനോയി, വത്സമ്മ, സജിനി അലക്സ്, ബി.ജെ.പി അംഗങ്ങളായ രഞ്ജിത്, പ്രജീഷ് എന്നിവരാണ് ബഹിഷ്‌കരിച്ചത്. ബജറ്റ് അവതരണം തുടങ്ങുന്നതിനു മുമ്പ് കരട് ബജറ്റാണ് അവതരിപ്പിക്കുന്നതെന്നു പറഞ്ഞാണ് അധ്യക്ഷ പ്രീതകുമാരി ആമുഖ പ്രഭാഷണം നടത്തിയത്. ഇതിനെ അരുണ്‍രാജ് ചോദ്യം ചെയ്തപ്പോള്‍ നേരത്തെയുള്ള പ്രസ്താവന പ്രസിഡന്റ് മാറ്റിയത് വൈരുദ്ധ്യമുളവാക്കുകയും ബഹിഷ്‌കരണക്കാര്‍ക്ക് ഒരു തുറുപ്പുചീട്ടു കൂടി ലഭിക്കാനും ഇടയാക്കി. രാജ്പ്രകാശ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വൈസ് പ്രസിഡന്റാകുന്നതിനു മുമ്പു തന്നെ തൊഴിലുറപ്പ് തൊഴിലാളിയായിരുന്നുവെന്നും ക്രമക്കേടു കാട്ടിയതു സംബന്ധിച്ച് വിജിലന്‍സ് കേസില്ലെന്നും പ്രസിഡന്റും വൈസ്പ്രസിഡന്റും വാദിച്ചപ്പോള്‍ ആയതിന്റെ രേഖകള്‍ കാട്ടിയായിരുന്നു അരുണ്‍രാജ് വാദിച്ചത്. യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ ബജറ്റ് അവതരണ ഹാളിനു മുന്നില്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ രാജ്പ്രകാശ് ബജറ്റ് അവതരണം തുടങ്ങി.
Your comment?