അടൂര്‍: യാത്രക്കാരിയായ ഡോക്ടര്‍ക്ക് നേരെ അശ്ലീല ആംഗ്യം കാട്ടിയെന്ന പരാതിയിന്മേല് സ്വകാര്യ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി തഴവ സ്വദേശി നൗഷാദി(30)നെയാണ് ഡിവൈ.എസ്.പി ആര്. ജോസ്, കൊടുമണ്‍ അഡി. എസ്.ഐ രാജീവ് എന്നിവര്‍ ചേര്‍ന്ന് കരുനാഗപ്പളളിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീലച്ചുവയോടെയുള്ള ആംഗ്യം കാണിക്കല്‍ എന്നിവയാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റമെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
ഞായറാഴ്ച രാവിലെ അടൂരില്‍ നിന്ന് കൊടുമണിലേക്ക് യാത്ര ചെയ്ത കൊല്ലം സ്വദേശിയായ വനിതാ ആയുര്‍വേദ ഡോക്ടറെയാണ് നൗഷാദ് സീറ്റിന് പിന്നിലേക്ക് വിരല്‍ വച്ച് അശ്ലീല ആംഗ്യം കാണിച്ചത്. ഏഴംകുളം മുതല്‍ കൊടുമണ്‍ വരെയായിരുന്നു പ്രദര്‍ശനം. ഡോക്ടര്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം സുഹൃത്തായ മറ്റൊരു ഡോക്ടര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. പിന്നാലെ പത്തനംതിട്ട ആര്.ടി.ഒ, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് ഇ-മെയില്‍ മുഖേനെ പരാതി സമര്‍പ്പിക്കുകയും ചെയ്തു. പരാതി കിട്ടിയ ആര്.ടി.ഒ തിങ്കളാഴ്ച തന്നെ ഇയാളുടെ ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. കരുനാഗപ്പളളി-അടൂര്‍-കൊടുമണ്‍-പത്തനംതിട്ട റൂട്ടിലോടുന്ന ശ്രീദേവി ബസിലെ ഡ്രൈവറാണ് നൗഷാദ്. ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കിയതായി ബസ് ഉടമ അറിയിച്ചു. താന്‍ അശ്ലീല ആംഗ്യം കാണിച്ചിട്ടില്ലെന്നും വിരല്‍ സീറ്റിന് പിന്നില്‍ വയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമാണ് നൗഷാദ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളതെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
Your comment?