
കടമ്പനാട് :ഗണേശവിലാസത്ത് വീണ്ടും സാമൂഹികവിരുദ്ധരുടെ തീക്കളി. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ജംക്ഷനിലെ ആലയ്ക്കും ഒരു മാടക്കടയ്ക്കും തീവച്ചത്. തൊട്ടടുത്തുള്ള മറ്റൊരു കടയുടെ മേല്‍ക്കൂരയിലേക്കും തീ പടര്‍ന്നു നാശനഷ്ടം നേരിട്ടു.
കടമ്പനാട് കളിവിളയില്‍ പടിഞ്ഞാറ്റേതില്‍ വാസുദേവന്‍ ആചാരിയുടെ ഉടമസ്ഥതയിലുള്ള ആലയാണ് കത്തി നശിച്ചത്. ആല പ്രവര്‍ത്തിച്ചിരുന്ന ഷെഡും പണിയായുധങ്ങള്‍ സൂക്ഷിക്കുന്ന മാടക്കടയുമാണ് പൂര്‍ണമായും കത്തി നശിച്ചത്. 50,000 രൂപയുടെ നഷ്ടം നേരിട്ടതായി വാസുദേവന്‍ ആചാരി പറഞ്ഞു. ആല കത്തി നശിച്ചതോടെ ജീവിതം വഴിമുട്ടിയ സങ്കടത്തിലാണ് വാസുദേവന്‍ ആചാരി.
ആലയ്ക്കു സമീപത്തുള്ള കണ്ണങ്കര പുത്തന്‍വീട്ടില്‍ ബേബിയുടെ മാടക്കടയും തീവച്ചു നശിപ്പിക്കാന്‍ ശ്രമം നടന്നു. മാടക്കടയുടെ വശത്തു കെട്ടിയിരുന്ന പ്ലാസ്റ്റിക് ഷീറ്റിനും അടിഭാഗത്തെ കാലുകളിലൊന്നിനും തീ പിടിച്ചു. തൊട്ടടുത്തുള്ള ചായക്കടയുടെ മേല്‍ക്കൂരയുടെ ഒരു ഭാഗവും ഭാഗികമായി കത്തി നശിച്ചു. ഗണേശവിലാസം അരുണ്‍ നിവാസില്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഓടു പാകിയ മേല്‍ക്കൂരയുള്ള കെട്ടിടത്തിലാണ് ചായക്കട. ഇവിടെ താമസിക്കുന്നവരാണ് തീപിടിച്ച വിവരം ബാബുവിനെ അറിയിച്ചത്.
ഇതിനെ തുടര്‍ന്ന് ബാബു സ്ഥലത്തെത്തി കടയില്‍ വച്ചിരുന്ന മോട്ടോര്‍ ഉപയോഗിച്ച് തീയണയ്ക്കുകയായിരുന്നു. ആലയ്ക്കു സമീപം വച്ചിരുന്ന ബൈക്കിനും തീ പടര്‍ന്ന് നാശം സംഭവിച്ചിട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും എത്തും മുന്‍പ് സമീപവാസികള്‍ ചേര്‍ന്നു തീയണച്ചതിനാല്‍ മറ്റു കടകളിലേക്ക് തീ പടര്‍ന്നില്ല. കഴിഞ്ഞ ഓഗസ്റ്റില്‍ ഇവിടെയുള്ള വികലാംഗനായ മണലോടിയില്‍ സാബുവിന്റെ മാടക്കടയും സാമൂഹികവിരുദ്ധര്‍ തീവച്ചു നശിപ്പിച്ചിരുന്നു.
Your comment?