ന്യൂഡല്‍ഹി: വിപണിയിലെത്തുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി അധികൃതര്‍. ഇന്ത്യക്ക് പുറത്തു വികസിപ്പിക്കുന്ന മരുന്നുകള്‍ രാജ്യത്തിനകത്ത് വില്‍ക്കണമെങ്കില്‍ പാലിക്കേണ്ട നിര്‍ബന്ധന ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ജഗ്ദീഷ് അധ്യക്ഷനായ ടെക്നിക്കല്‍ കമ്മറ്റി പുറത്തിറക്കി.
സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രൂപവത്കരിച്ച കമ്മറ്റിയാണിത്. കമ്മറ്റിയുടെ പുതിയ നിബന്ധന പ്രകാരം പുറംരാജ്യങ്ങളില്‍ വികസിപ്പിച്ച മരുന്നുകള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കണമെങ്കില്‍ അവയുടെ അന്താരാഷ്ട്ര പരീക്ഷണത്തില്‍ (ഗ്ലോബല്‍ ക്ലിനിക് ട്രയല്‍) ഇന്ത്യന്‍ രോഗികളും ഉള്‍പ്പെട്ടിരിക്കണമെന്നാണ് നിബന്ധന.
ഇതോടെ ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി മരുന്നുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് അവരുടെ മരുന്നുകളുടെ ഗ്ലോബല്‍ ക്ലിനിക്ക് ട്രയലില്‍ ഇന്ത്യക്കാരായ രോഗികളെ കൂടി ഉള്‍പ്പെടുത്തേണ്ടി വരും.
ഇന്ത്യക്കാരായ രോഗികളുടെ സുരക്ഷ മുന്നില്‍ക്കണ്ട് പൊതുതാത്പര്യാര്‍ത്ഥമാണ് തീരുമാനമെടുത്തത്. മരുന്നുകള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നതിനു മുമ്പു തന്നെ ഇന്ത്യക്കാരില്‍ പരീക്ഷിക്കണമെന്നുള്ളത് പ്രാധാന്യമുള്ള കാര്യമാണെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ജി എന്‍ സിങ് പറഞ്ഞു.
Your comment?