ന്യൂഡല്‍ഹി: ജിയോ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായി. റിലയന്‍സ് ജിയോയുടെ പുതിയ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്യാനുണ്ടായ തിരക്കിലാണ് വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമുതലാണ് ബുക്കിങ് അനുവദിച്ചിരുന്നത്. ആളുകളുടെ തിരക്ക് മൂലം ആര്‍ക്കും വെബ്‌സൈറ്റില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.
500 രൂപ നല്‍കിയാണ് ഫോണ്‍ ബുക്ക് ചെയ്യേണ്ടത്. ബാക്കി തുകയായ 1000 രൂപ ഫോണ്‍ ലഭിക്കുമ്പോള്‍ നല്‍കിയാല്‍ മതി. മൂന്നുവര്‍ഷം ഈ ഫോണ്‍ ഉപയോഗിച്ചുകഴിഞ്ഞ് തിരിച്ചേല്‍പ്പിച്ചാല്‍1500 രൂപ മടക്കിനല്‍കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. ഫലത്തില്‍ സൗജന്യഫോണ്‍ എന്നതാണ് കമ്പനിയുടെ ഓഫര്‍. വെബ്‌സൈറ്റ് തകര്‍ന്നതിനെതുടര്‍ന്ന് എത്രപേര്‍ ഫോണ്‍ ബുക്ക് ചെയ്തു എന്ന് ഔദ്യോഗികമായി അറിയിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. അതേസമയം, രാജ്യത്തെ റിലയന്‍സ് സ്‌റ്റോറുകള്‍ വഴിയും ഫ്രാഞ്ചൈസികള്‍ വഴിയും ഫോണ്‍ ബുക്കിങ് നടന്നിരുന്നു.
ആദ്യ വര്‍ഷം 100 ദശലക്ഷം ഫോണുകള്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സേവനങ്ങളാണ് ഫോണിനെ മറ്റു ഫോണുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. മാസം 153 രൂപയ്ക്ക് പരിധിയില്ലാത്ത കോളും 500 എം.ബി. ഡേറ്റയും കമ്പനി ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉയര്‍ന്ന ഡേറ്റ ആവശ്യമുള്ളവര്‍ക്ക് കമ്പനിയുടെ മറ്റു പ്ലാനുകളെ ആശ്രയിക്കാം.
Your comment?