പോരുവഴി: നാടിന്റെ കൈവഴികളെല്ലാം പോരുവഴിയിലേക്കൊഴുകി. ചരിത്രപ്രസിദ്ധമായ മലക്കുട ഉത്സവത്തിനു മലനട കുന്നില്‍ ജനസഹസ്രങ്ങള്‍ സാക്ഷിയായി. കാര്‍ഷിക സംസ്‌കൃതി നിലനിന്നിരുന്ന ഒരു ജനതയുടെ ആത്മസമര്‍പ്പണമായി ഇരുനൂറോളം കെട്ടുകാഴ്ചകളാണു മലനടക്കുന്നില്‍ കൗരവമൂര്‍ത്തിയെ വലംവച്ചത്.
പനപ്പെട്ടി, കമ്പലടി, പള്ളിമുറി, നടുവിലേമുറി, വടക്കേമുറി, അമ്പലത്തുംഭാഗം എന്നീ കരകളുടെ അഭിമാനങ്ങളായ കൂറ്റന്‍ എടുപ്പുകുതിരകളും ഇടയ്ക്കാട് കരയുടെ വലിയ കെട്ടുകാളയുമായിരുന്നു പ്രധാന ആകര്‍ഷണങ്ങള്‍.
തോടു കടന്നെത്തുന്ന കരക്കെട്ടുകള്‍ കുത്തനെയുള്ള കുന്നുകയറുന്നത് ആശ്ചര്യമുണര്‍ത്തുന്ന കാഴ്ചയായി.മലയീശ്വരന്റെ പ്രതിപുരുഷനായ ക്ഷേത്ര ഊരാളി അലങ്കാരങ്ങളോടു കൂടിയ ശിരോവസ്ത്രമണിഞ്ഞ്, കറുപ്പ് കച്ചയുടുത്ത്, ഭാരമേറിയ മലക്കുടയേന്തി ഉറഞ്ഞുതുള്ളി വൈകിട്ട് അഞ്ചോടെ മലനട കുന്നിറങ്ങി.
അനുഗ്രഹം ഏറ്റുവാങ്ങിയ കരക്കെട്ടുകളും നേര്‍ച്ചക്കാളകളും ഭക്തിയും ആവേശവും ആയിരം തോളുകളില്‍ ആവാഹിച്ചു കുന്നുകയറി. വയല്‍പ്പച്ചയില്‍ ഇരുള്‍ പരന്നതോടെ ഒരു മലക്കുട കാലത്തിന്റെ ഓര്‍മകളുമായി ആയിരങ്ങള്‍ കുന്നിറങ്ങി. മഹാഭാരതയുദ്ധത്തില്‍ കൊല്ലപ്പെട്ട ദുര്യോധനന് ആല്‍ത്തറയില്‍ പനമ്പായ് വിരിച്ചു വായ്ക്കരിപൂജയും നടന്നു. രാത്രി കലാപരിപാടികളും തൂക്കവും നടന്നു.ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനട വേറിട്ടവിശ്വാസങ്ങളാലും ദ്രാവിഡ രീതിയിലുള്ള ആചാരാനുഷ്ഠാനങ്ങളാലും മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്.
ക്ഷേത്ര സങ്കല്‍പ്പങ്ങള്‍ അധഃസ്ഥിത വര്‍ഗത്തിന് അന്യമായിരുന്ന കാലത്തു കീഴാളനെ പൂജാരിയാക്കിയ മലനടയിലെ പ്രധാന വഴിപാടുകള്‍ ആടും കോഴിയും കള്ളും പുകയിലയുമൊക്കെയാണ്. മീനത്തിലെ ആദ്യ വെള്ളിയാഴ്ച കൊടിയേറി രണ്ടാം വെള്ളിയാഴ്ചയാണു മലക്കുട ഉത്സവം നടക്കുന്നത്. മൂന്നാം വെള്ളിയാഴ്ച മാത്രമേ കൊടിയിറങ്ങുകയുള്ളൂ എന്ന പ്രത്യേകതയുമുണ്ട്.
Your comment?