പോരുവഴി: മധ്യതിരുവിതാംകൂറിന്റെ കൈവഴികളെല്ലാം പോരുവഴിയിലേക്കു നീളുന്ന മലക്കുട ഉത്സവം ഇന്ന്. ഭക്തസഹസ്രങ്ങള്‍ മലനട കുന്നില്‍ എത്തും. ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനട ജൈവസ്വഭാവമുള്ള വിശ്വാസങ്ങളാലും ദ്രാവിഡ രീതിയിലുള്ള ആചാരാനുഷ്ഠാനങ്ങളാലും മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്.
മീനത്തിലെ ആദ്യ വെള്ളിയാഴ്ച കൊടിയേറി രണ്ടാം വെള്ളിയാഴ്ചയാണ് മലക്കുട ഉത്സവം. മൂന്നാം വെള്ളിയാഴ്ച മാത്രമേ കൊടിയിറങ്ങുകയുള്ളൂ എന്ന പ്രത്യേകതയുമുണ്ട്.
നൂറുകണക്കിനു കെട്ടുകാഴ്ചകള്‍ മലനട കുന്നില്‍ ഇന്നു കൗരവമൂര്‍ത്തിയെ വലംവയ്ക്കും. പനപ്പെട്ടി, കമ്പലടി, പള്ളിമുറി, നടുവിലേമുറി, വടക്കേമുറി, അമ്പലത്തുംഭാഗം എന്നീ കരകളുടെ അഭിമാനങ്ങളായ കൂറ്റന്‍ എടുപ്പുകുതിരകളും മലയപ്പൂപ്പന്റെ ഇഷ്ടഭാജനമായ ഇടയ്ക്കാട് കരയുടെ വലിയ കെട്ടുകാളയും പ്രധാന ആകര്‍ഷണങ്ങളാണ്.
മലയീശ്വരന്റെ പ്രതിപുരുഷനായ ക്ഷേത്ര ഊരാളി അലങ്കാരങ്ങളോടു കൂടിയ ശിരോവസ്ത്രമണിഞ്ഞ്, കറുപ്പു കച്ചയുടുത്ത്, ഭാരമേറിയ മലക്കുടയേന്തി ഉറഞ്ഞുതുള്ളി മലനട കുന്നിറങ്ങും. ഓരോ കെട്ടുകാഴ്ചയും കരക്കെട്ടുകളും അനുഗ്രഹം ഏറ്റുവാങ്ങി ഭക്തിയും ആവേശവും ആയിരം തോളുകളില്‍ ആവാഹിച്ചു കുന്നുകയറും.
Your comment?