വനിതാ എസ്.ഐ.ഉൾപ്പെടെയുള്ള പോലീസുകാരെ മർദ്ദിച്ച കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ
അടൂർ: വനിതാ എസ്.ഐ.ഉൾപ്പെടെയുള്ള പോലീസുകാരെ മർദ്ദിച്ച കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. അടൂർ വനിതാ എസ്.ഐ.കെ.എസ്.ധന്യ, സി.പി.ഒമാരായ വിജയ് ജി.കൃഷ്ണ,ആനന്ദ് ജയൻ,റാഷിക് എം.മുഹമ്മദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മർദ്ദിച്ച സംഭവത്തിൽ അടൂർ സ്വദേശികളായ ഉണ്ണി,പ്രേംജിത്ത്, അനൂപ് എന്നിവരെ അടൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച രാത്രി 7.30-ന് അടൂർ വട്ടത്തറപ്പടി ജങ്ഷനു സമീപം വച്ചായിരുന്നു സംഭവം.
നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിനു സമീപം വാഹന പരിശോധന നടത്തുകയായിരുന്നു വനിതാ എസ്.ഐ. ഇതിനിടെ പോലീസ് ജീപ്പിനു പിറകിൽ കസ്റ്റഡിയിലായവർ സഞ്ചരിച്ച കാർ കൊണ്ട് വന്ന് നിർത്തി കാറിനുള്ളിൽ ഇരുന്ന് മദ്യപിച്ചു. ഇത് കണ്ട വനിതാ എസ്.ഐ.കാറിൽ നിന്ന് ഇറങ്ങാൻ പറഞ്ഞതോടെ കാറിൽ ഇരുന്നവർ പുറത്തിറങ്ങി വനിതാ എസ്.ഐയെ മർദ്ദിക്കുകയായിരുന്നു.എസ്.ഐ.യെ മർദ്ദിക്കുന്നത് കണ്ട് തടസം പിടിക്കാൻ എത്തിയ പോലീസുകാരേയും കസ്റ്റഡിയിലായവർ മർദ്ദിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Your comment?