വയനാട് പുനരധിവാസത്തിന് പണം ഒരു തടസ്സമാകില്ല: പ്രധാനമന്ത്രി

മേപ്പാടി: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ടു കേന്ദ്ര സര്‍ക്കാരിനു സാധ്യമായ എല്ലാ സഹായവും സംസ്ഥാനത്തിനായി ചെയ്യുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കലക്ടറേറ്റിലെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്നും രാജ്യം ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ദുരന്തമുണ്ടായ അന്നു രാവിലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. കേന്ദ്രസംഘത്തെ അതിവേഗം അയച്ചു. രക്ഷാപ്രവര്‍ത്തനത്തിനും ചികിത്സാസഹായത്തിനും വേണ്ടതെല്ലാം ചെയ്തു. വയനാട്ടില്‍ ദുരന്തബാധിതരെ കാണുകയും അവരോടു നേരിട്ട് സംസാരിച്ചു. കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. ഒരുപാട് കുടുംബങ്ങളുടെ സ്വപ്നമാണ് തകര്‍ന്നത്. അവരുടെ പുനരധിവാസം സുപ്രധാനമാണ്. ദുരന്തത്തെ തടയാനാകില്ല. എന്നാല്‍ ദുരന്തബാധിതരുടെ ഭാവി നമ്മുടെ ഉത്തരവാദിത്തമാണ്.
കേന്ദ്ര സര്‍ക്കാര്‍ ദുരന്തം നേരിടുന്ന ജനങ്ങള്‍ക്കൊപ്പമാണ്. ദുരന്തത്തിന്റെ പൂര്‍ണമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്രത്തിന് നിവേദനം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ദുരന്തബാധിതര്‍ ഒറ്റയ്ക്കല്ല, എല്ലാവരും ഈ ദുഃഖത്തിന്റെ ഘട്ടത്തില്‍ അവരോടൊപ്പമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിവേദനം ലഭിച്ചാല്‍ അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കും. കുടുംബം നഷ്ടപ്പെട്ട കുട്ടികളുണ്ട്. അവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അക്കാര്യത്തിലും സംസ്ഥാനവുമായി സഹകരിച്ച് വേണ്ടതു ചെയ്യും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പാക്കേജ് സംബന്ധിച്ച് അധികം വൈകാതെ തീരുമാനമെടുക്കും. പുനരധിവാസത്തിന് പണം ഒരു തടസ്സമാകില്ല.”- പ്രധാനമന്ത്രി വ്യക്തമാക്കി.
Your comment?