കനത്ത മഴയും കാറ്റും: അടൂരിലും പന്തളത്തും ചെന്നീര്‍ക്കരയിലും മരം വീണ് വൈദ്യുതി തടസം
അടൂര്‍: രാവിലെ മുതല്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് മരവും കൊമ്പുകളും വീണ് വ്യാപക നാശനഷ്ടം. പന്തളം – മാവേലിക്കര റോഡില്‍ മുട്ടാറില്‍ സാംസ്‌കാരിക നിലയത്തിന് സമീപം റോഡിനോട് ചേര്‍ന്ന് നിന്നിരുന്ന മാവ് കട പുഴകി തേക്കിന് മുകളിലേക്ക് വീണു. രണ്ടു മരങ്ങളും കൂടി സമീപത്തെ വൈദ്യുതി പോസ്റ്റ് തകര്‍ത്ത് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയ്ക്ക് മുകളില്‍ വീണു. അഗ്‌നിശമന സേന മരങ്ങള്‍ മുറിച്ചു മാറ്റി. അടൂര്‍ മുനിസിപ്പാലിറ്റി ഹോളിക്രോസ് വാര്‍ഡില്‍ പാലവിളയില്‍ ജോണ്‍ ഫിലിപ്പോസിന്റെ വീടിന്റെ മുകളിലേക്ക് ആഞ്ഞിലി മരം വീണു.
അടുക്കള ഭാഗത്തേക്ക് വീണ മരം കാരണം വീട്ടുകാര്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു. കുടുംബനാഥന്‍ കിടപ്പ് രോഗിയും ആയിരുന്നു. അഗ്‌നിശമന സേന മരം മുറിച്ചു നീക്കം ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വേണുവിന്റെ നേതൃത്വത്തില്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ അജീഷ്‌കുമാര്‍, ഫയര്‍ ഓഫീസര്‍മാരായ കൃഷ്ണകുമാര്‍, ശ്രീജിത്ത്, അഭിജിത്ത്, സജാദ്, രഞ്ജിത്, മുഹമ്മദ്, ഷൈന്‍കുമാര്‍, വി.എസ്. സുജിത്, സുരേഷ്‌കുമാര്‍, ഹോംഗാര്‍ഡുമാരായ സുരേഷ്‌കുമാര്‍, പ്രകാശന്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്.
ചെന്നീര്‍ക്കരയില്‍ മരങ്ങള്‍ വീണ് വൈദ്യൂതി മുടങ്ങി. ഇന്നലെ വൈകിട്ട് ഉണ്ടായ കാറ്റില്‍ പന്നിക്കുഴിക്ക് സമീപം തെങ്ങ് വീണും ആലുംകുറ്റി -കലാവേദി റോഡില്‍ വഴണ ഒടിഞ്ഞു വീണുമാണ് മണിക്കൂറുകളോളം വൈദ്യൂതി മുടങ്ങിയത്.
Your comment?