മഴയത്തും നിര്‍ബാധം മണ്ണെടുപ്പ്: പുതുക്കി നിര്‍മിച്ച റോഡ് ചെളിക്കുളം: യാത്രക്കാര്‍ തെന്നിവീഴുന്നു
അടൂര്‍: കനത്ത മഴയിലും നിര്‍ബാധം തുടരുന്ന മണ്ണെടുപ്പും കടത്തും മൂലം പുതുതായി ടാര്‍ ചെയ്ത റോഡ് ചെളിക്കുളമായി. ഇരുചക്ര വാഹനത്തിലും കാല്‍നടയായും സഞ്ചരിക്കുന്നവര്‍ റോഡില്‍ വീണ് പരുക്കേല്‍ക്കുന്നു. വലിയ വാഹനങ്ങള്‍ റോഡിലെ ചെളിയില്‍ തെന്നി മാറി അപകടം ഉണ്ടാകുന്നു.
മണ്ണെടുപ്പിന് പേരുകേട്ട അടൂര്‍ താലൂക്കിലെ പള്ളിക്കല്‍ പഞ്ചായത്ത് പ്രദേശത്താണ് കനത്ത മഴക്കാലത്തും മണ്ണെടുപ്പ് നടക്കുന്നത്. കൂറ്റന്‍ ടോറസ് ലോറികളാണ് മണ്ണുമായി കടന്നു പോകുന്നത്. മഴ പെയ്ത് ചെളിക്കുളമായി കിടക്കുന്ന സ്ഥലത്താണ് മണ്ണു ഖനനം നടക്കുന്നത്. ഈ ചെളിയില്‍ നിന്ന കയറി വരുന്ന വാഹനങ്ങളുടെ ടയറില്‍ നിന്നാണ് റോഡിലേക്കും ചെളിയും മണ്ണും വീഴുന്നത്. നിരന്തരം മണ്ണു നിറച്ച വാഹനങ്ങള്‍ ഓടുകയും ഒപ്പം മഴ പെയ്യുകയും ചെയ്യുന്നതോടെ റോഡും ചെളിക്കുളമായി.
വീടു വയ്ക്കാനെന്ന് പറഞ്ഞാണ് അനുമതി തരപ്പെടുത്തുന്നത്. എടുക്കുന്ന മണ്ണ് ഹൈവേ വികസനത്തിനാണ് കൊണ്ടു പോകുന്നത്. പള്ളിക്കല്‍ പഞ്ചായത്ത് 16-ാം വാര്‍ഡില്‍ ആസാദ് ജങ്ഷന് സമീപം കടുവാംകുഴി, ഇളംപള്ളില്‍ ഭാഗങ്ങളിലാണ് മണ്ണെടുപ്പ് നടക്കുന്നത്. പഞ്ചായത്തില്‍ കുന്നുകളും മലകളും ഒന്നൊന്നായി ഇടിച്ചു നിരത്തുകയാണ്. മണ്ണിടിച്ചിലുണ്ടാകാതിരിക്കാന്‍ തട്ടുതട്ടായി മണ്ണെടുക്കാവൂ എന്ന ചട്ടം കാറ്റില്‍ പറത്തിയാണ് മണ്ണെടുപ്പ്. ഒരേ സമയം അഞ്ചും ആറും ലോറികള്‍ നിരനിരയായി കിടക്കുന്നത് കാണാം. പാസുണ്ടെന്ന് പറഞ്ഞാണ് മണ്ണെടുപ്പ്. എന്നാല്‍ അനുവദിച്ചതില്‍ കൂടുതല്‍ മണ്ണെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാറില്ലെന്ന് പരാതിയുണ്ട്.
കാര്‍ഷിക ഗ്രാമമായ പള്ളിക്കല്‍ പഞ്ചായത്തിലെ മണ്ണെടുപ്പ് കൃഷിക്കുള്‍പ്പെടെ നാശം വിതയ്ക്കുന്നുണ്ട്. മണ്ണെടുപ്പ് മൂലം ഇവിടങ്ങളില്‍ വരള്‍ച്ചയും രൂക്ഷമാണ്. കൊട്ടാരക്കരയിലെ കേരളാ കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവാണ് പത്തനംതിട്ട ജില്ലയില്‍ മണ്ണെടുപ്പ് കരാര്‍ എടുത്തിരിക്കുന്നത്. അടൂരിലെ സിപിഎം നേതാക്കള്‍ ഒത്തശയും ചെയ്യുന്നു. മഴയുള്ളപ്പോള്‍ മണ്ണെടുക്കാനോ കൊണ്ടു പോകാനോ പാടില്ലെന്നാണ് ചട്ടം. അഥവാ കൊണ്ടു പോയാല്‍ തന്നെ റോഡില്‍ വീഴുന്ന ചെളിയും മണ്ണും കരാറുകാരന്റെ ഉത്തരവാദത്തില്‍ കഴുകി കളയുകയും വേണം. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പലവട്ടം സര്‍ക്കാരിന് വിവരം നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
Your comment?