റോഡ് തകര്‍ന്നു.. കുടിവെള്ളമില്ല! കടമ്പനാട് വടക്കുള്ള വോട്ടര്‍മാര്‍ വോട്ട് ബഹിഷ്‌കരിക്കുന്നു
കടമ്പനാട് :കടമ്പനാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ റോഡ്
ഗതാഗതയോഗ്യമാക്കാത്തതിലും കുടിവെള്ളം ലഭിക്കാത്തതിനും തുടര്‍ന്ന് വോട്ട് ബഹിഷ്‌കരിക്കുകയാണ് കടമ്പനാട് വടക്കുള്ള വോട്ടര്‍മാര്‍. ഗുരുമന്ദിരം- ലക്ഷംവീട് കോളനി -കൊല്ലന്റയ്യത്ത് പടി റോഡ് വര്‍ഷങ്ങളായി തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്. കാലാകാലങ്ങള്‍ വോട്ടുസമയം ആകുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ എത്തി നിരവധി വാഗ്ദാനങ്ങള്‍ ആണ് നല്‍കുന്നത്. വാഗ്ദാനങ്ങള്‍ വോട്ടിനു വേണ്ടിയുള്ള തട്ടിപ്പ് ആയിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഒരു കിലോമീറ്റര്‍ ഉള്ള റോഡിന്റെ കൊല്ലത്തെ ഭാഗം ഏകദേശം 200 മീറ്ററോളം മുന്‍ വാര്‍ഡ് മെമ്പര്‍ മുന്‍കൈയെടുത്ത് കോണ്‍ക്രീറ്റ് ചെയ്തിരുന്നു എന്നാല്‍ തൊഴിലുറപ്പ് തൊഴിലാളിയുടെ തൊഴില്‍ കാര്‍ഡ് ഉപയോഗിച്ച് മെമ്പര്‍ തട്ടിപ്പ് നടത്തിയതായി വിജിലന്‍സ് സംഘം കണ്ടെത്തിയിട്ടും അന്വേഷണം എങ്ങും എത്തിയില്ല..
.ഈ പ്രദേശത്ത് കുടിവെള്ളം എത്തിയിട്ട് ആഴ്ചകള്‍ ഏറെയായി കടമ്പനാട് കുടിവെള്ള പദ്ധതിയുടെ മോതിരച്ചുള്ളിമല വാട്ടര്‍ ടാങ്കില്‍ നിന്നുള്ള വെള്ളമാണ് ഇവിടെയുള്ളവര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഇടതുപക്ഷ തൊഴിലാളി യൂണിയനില്‍ പെട്ടവരാണ് വാട്ടര്‍ അതോറിറ്റിയുടെ തലപ്പത്തുള്ളത്.
ഇവരെ മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ സ്വാധീനിച്ചതാണ് ഇവിടങ്ങളില്‍ കുടിവെള്ളം ലഭിക്കാത്തതെന്നാണ് പരസ്യമായ രഹസ്യം. ഏതായാലും ഈ പ്രദേശത്തുള്ളവര്‍ പോളിംഗ് ബൂത്തിലേക്ക് എത്തുമോ എന്നത് ചോദ്യചിഹ്നം ആകുകയാണ്..
Your comment?