അമ്മക്ക് മക്കളെ വേണം, പക്ഷെ മക്കള്‍ക്ക് അമ്മയെ വേണ്ട”ആറ് മക്കളുടെ അമ്മ അഗതി മന്ദിരത്തിലേക്ക് ‘
അടൂര്‍: ചേന്നമ്പളളി കരമാലേത്ത് വീട്ടില്‍ പരേതനായ ചിന്നയ്യ ചെട്ടിയാരുടെ ഭാര്യ സരോജിനിയമ്മാള്‍ (90)നാണ് മക്കളുടെ അവഗണനയെ തുടര്‍ന്ന് അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തില്‍ അഭയം തേടേണ്ടിവന്നത്.
ആറ് മക്കളുടെ അമ്മയായ സരോജിനിയമ്മ സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് കഞ്ഞിവെച്ച് കൊടുത്തും, ചായക്കട നടത്തിയുമാണ് മക്കളെ വളര്‍ത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിന്റെ മരണം ഒറ്റയാക്കിയെങ്കിലും തോറ്റു പോകാതെ ജീവിതം മക്കള്‍ക്ക് വേണ്ടി മാറ്റിവയ്ക്കുകയായിരുന്നു സരോജിനിയമ്മാള്‍.
ആറ് മക്കളില്‍ മൂന്ന് പേര്‍ മരണപ്പെട്ടു. മക്കളും കൊച്ചുമക്കളുമെല്ലാം നല്ല നിലയിലെത്തിയപ്പോള്‍ അവര്‍ക്ക് സരോജിനിയമ്മാള്‍ ഒരു ബാധ്യതയായി.
അവഗണനയും ആക്ഷേപവും നിമിത്തം ആരുടെയും വീടുകളിലേക്ക് ചെല്ലാതെയായി.
വിദേശത്തും സ്വദേശത്തും സര്‍ക്കാരുദ്യോഗസ്ഥര്‍ ഉള്‍പ്പടെ കൊച്ചുമക്കള്‍ ഉളള സരോജിനിയമ്മാള്‍
ഇപ്പോള്‍ താമസിക്കുന്നത് വഴിയില്ലാത്ത കാടുപിടിച്ച മലമുകളിലെ മണ്‍കട്ട കെട്ടിയ ഇടിഞ്ഞ് വീഴാറായ വീട്ടിലാണ്.
ഇതും മക്കളില്‍ ആരുടെയോ അവകാശത്തില്‍ ഉള്ളതാണ്.
കക്കൂസോ, കുളിമുറിയോ, വെള്ളമോ, വൈദ്യുതി യോ ഇല്ലാതെ ദുരിതക്കയത്തിലായ സരോജനിയമ്മാള്‍ ജീവന്‍ നിലനിര്‍ത്തിയിരുന്നത് നാട്ടുകാരുടെ മനസാക്ഷിയില്‍ കിട്ടുന്ന ഭക്ഷണം കൊണ്ട് മാത്രമായിരുന്നു.
നാട്ടുകാരില്‍ ഒരാള്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത് ഷെയര്‍ ചെയ്ത ഇവരുടെ ദുരിതകഥ അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ലക്ക് ലഭിച്ചതോടെയാണ് വിവരം ജില്ലാകളക്ടര്‍ സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍, അടൂര്‍ ആര്‍.ഡി.ഒ എന്നിവരെ അറിയിച്ചത്.
തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസര്‍ ബി. മോഹനന്‍, വാര്‍ഡ് മെമ്പര്‍ സുജിത്, ആര്‍.ഡി.ഒ ഓഫീസ് ഉദ്യോഗസ്ഥന്‍ സുധീപ്കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തുകയും ഇവരുടെ സാന്നിധ്യത്തില്‍ മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷില്‍ഡ, പ്രവര്‍ത്തകരായ അക്ഷര്‍രാജ്, പുഷ്പ സന്തോഷ്, അനീഷ് ജോണ്‍, അമല്‍ രാജ് എന്നിവര്‍ സരോജിനി അമ്മാളിനെ ഏറ്റെടുക്കുകയും ചെയ്തു.
സരോജിനിയമ്മാളിന്റെ ദുരിത ജീവിതത്തില്‍ പ്രതിഷേധം അറിയിച്ച നാട്ടുകാരോട് ഇവര്‍ക്ക് നിയമ സംരക്ഷണം മക്കള്‍ക്കും കൊച്ചു മക്കള്‍ക്കുമെതിരെ നിയമ നടപടികളും ഉണ്ടാകുമെന്ന് ഉറപ്പ് നല്കിയാണ് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ മടങ്ങിയത്.
Your comment?